കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ മിനിക്കോയ് ദ്വീപിനടുത്ത് നിന്നും ആയുധങ്ങളും മയക്കു മരുന്നുമായി എത്തിയ ബോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ തമിഴ് പുലികളാണെന്നാണ് നിഗമനം. കേസിലെ പ്രധാന പ്രതി എൻഐഎയുടെ പിടിയിലായി.
തമിഴ്നാട്ടിൽ താമസമാക്കിയ ശ്രീലങ്കൻ സ്വദേശി സത്കുനത്തെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് തമിഴ് പുലികൾ എന്നറിയപ്പെടുന്ന എൽടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്ന് എൻഐഎയുടെ കണ്ടെത്തൽ. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പാകിസ്താനിൽ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നുവെന്നും ഇന്ത്യയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന പഴയ എൽടിടിഇ പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേർത്തിട്ടുണ്ടെന്നും എൻഐഎയുടെ അന്വേഷണത്തിൽ വ്യക്തമാക്കി.
അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് മിനിക്കോയ് ദ്വിപിനടുത്ത് നിന്നും പിടികൂടിയ ബോട്ടിൽ ഉണ്ടായിരുന്നത്. ആയുധങ്ങൾക്ക് പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹൻസി എന്ന പേരിലുള്ള ബോട്ടിൽ നിന്നാണ് ആയുധങ്ങളും ലഹരി മരുന്നും പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ മാർച്ച് 18 ന് കോസ്റ്റ് ഗൗർഡാണ് ബോട്ട് പിടികൂടിയത്.

