മോൻസന്റെ പക്കലുള്ള ആഡംബര കാറുകളിലൊന്നു മൻമോഹൻ സിംഗിന്റെ മകന്റെ പേരിലുള്ളത്; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മോൻസന്റെ പക്കലുള്ള മൂന്ന് ആഡംബര കാറുകളിലൊന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മകന്റെ പേരിലുള്ളതെന്നാണ് റിപ്പോർട്ട്. മോൻസൺ അറസ്റ്റിലാകുന്നതിന് മുൻപ് ചേർത്തല കളവംകോടത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നൽകിയിരുന്ന മൂന്ന് ആഡംബരകാറുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. അതിൽ പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ബെൻസ് കാർ മൻമോഹൻ സിംഗിന്റെ മകന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഈ രജിസ്ട്രേഷൻ കളവാണോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇക്കാര്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കർണാടക രജിസ്‌ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ, പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ബെൻസ് കാർ എന്നിവയാണ് വർക്ക്‌ഷോപ്പിൽ നിന്നും പിടിച്ചെടുത്തത്. കാറുകളുമായി ബന്ധപ്പെട്ട് വർക്ക് ഷോപ്പ് ഉടമയിൽ നിന്നും ക്രൈബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ഒർജിനലാണെങ്കിൽ ഈ കാർ എങ്ങനെ മോൻസന്റെ പക്കലെത്തിയെന്നുള്ളത് കണ്ടെത്തേണ്ടതുണ്ട്. ഡൽഹിയിലടക്കം വലിയ ബന്ധങ്ങൾ ഉണ്ടെന്ന് മോൻസൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഉഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സംഭവത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിന്റെ ബിനാമിയാണോ മോൻസൻ എന്നാണ് എൻഐഎ അന്വേഷിക്കുന്നത്.