സ്വർണക്കടത്തു കേസിൽ നിർണായക നീക്കങ്ങളുമായി എൻഐഎ; ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കും

കൊച്ചി: നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തു കേസിൽ നിർണായക നീക്കങ്ങളുമായി എൻഐഎ. ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കാനാണ് എൻഐഎ പദ്ധതിയിടുന്നത്. ദുബായിയിൽ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറിനെയാണ് കേസിൽ മാപ്പുസാക്ഷിയാക്കുന്നത്. ഇതിനായി എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായരടക്കം ആറുപേരാണ് മാപ്പുസാക്ഷികളാകുക. സ്വർണ്ണക്കടത്തിൽ വിദേശത്ത് നിന്നുള്ള സൂത്രധാരന്മാരിലൊരാളാണ് മുഹമ്മദ് മൻസൂർ.

കേസിലെ 35-ാം പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ ജൂണിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘം വിദേശത്ത് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതിന്റെ പൂർണ വിവരങ്ങൾ മൻസൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിലൂടെ ലഭിക്കുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ. മുഹമ്മദ് മൻസൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിൽ നൽകി അപേക്ഷയിൽ ശനിയാഴ്ച എൻഐഎ കോടതി വാദം കേൾക്കും. കേസിൽ ഇരുപത് പേരെ പ്രതികളാക്കിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. വിദേശത്തുള്ള ആറ് പേർ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്.