താലിബാൻ ഭാഗമാകുന്ന മോസ്‌കോ ഫോർമാറ്റ് ചർച്ചയിൽ ഇന്ത്യ പങ്കെടുക്കും; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മോസ്‌കോ ഫോർമാറ്റ് ചർച്ചയിൽ ഇന്ത്യ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയാണ് ചർച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. താലിബാനും ചർച്ചയിൽ പങ്കെടുക്കും. ഒക്ടോബർ 20-ന് മോസ്‌കോയിലാണ് ചർച്ച നടക്കുക. അഫ്ഗാനിസ്താൻ വിഷയത്തെ കുറിച്ചാണ് യോഗം ചർച്ച ചെയ്യും. ചൈന, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കാളികളാകും. താലിബാൻ ചർച്ചയിൽ പങ്കെടുക്കുമെന്ന് റഷ്യൻ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്താന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതിന് ശേഷം നടക്കുന്ന മോസ്‌കോ ഫോർമാറ്റിന്റെ ആദ്യ പതിപ്പാണിത്. അഫ്ഗാനിലെ താത്കാലിക താലിബാൻ സർക്കാരുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചർച്ചയായിരിക്കും മോസ്‌കോയിലേത്.

അഫ്ഗാൻ വിഷയത്തിൽ ആദ്യ അന്താരാഷ്ട്ര കോൺഫറൻസിന് വേദിയൊരുക്കിയതും റഷ്യയായിരുന്നു. അക്രമങ്ങൾ അവസാനിപ്പിക്കാനും സമാധാന ഉടമ്പടിയിലെത്താനും ആവശ്യപ്പെട്ട് യുഎസ്, ചൈന, പാകിസ്താൻ, റഷ്യ എന്നിവർ സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.