കോഴിക്കോട്: കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എന്നാൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടില്ല. താൻ എവിടെയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല. ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ ചില ബന്ധമുണ്ട്. തട്ടിപ്പും അഴിമതിയും ഉണ്ടെന്നും ചില കരാറുകാരുടെ ഇത്തരം നീക്കങ്ങൾക്ക് ചില ഉദ്യോഗസ്ഥർ സഹായം നൽകുന്നുവെന്നും അദ്ദേഹം വിശദമാക്കി.
സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങൾ അത് കരാറുകാരുടേതായാലും എംഎൽഎമാർക്ക് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാം. കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ്. എന്നാൽ ചെറിയ വിഭാഗം പ്രശ്‌നക്കാരുണ്ടെന്നും ഉദ്യോഗസ്ഥരും അങ്ങനെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എംഎൽഎമാർക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏതാണെന്നും ആരാണെന്നും നോക്കിയേ പറ്റു. മന്ത്രി എന്ന നിലയിൽ ഇടത് പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാകില്ല. എഞ്ചിനിയർ, കരാറുകാർ എന്നിവരുടെ പേര് നിർമ്മാണ പ്രവർത്തികളിൽ എല്ലാം രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണെന്നും അങ്ങനെയാണെങ്കിൽ ജനങ്ങൾക്ക് അവരോട് നേരിട്ട് പ്രശ്‌നങ്ങൾ പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

