ക്ഷാമം അവസാനിക്കുന്നതുവരെ എല്ലാവർക്കും കൽക്കരി ലഭിക്കില്ല; തീരുമാനവുമായി കോൾ ഇന്ത്യ

ന്യൂഡൽഹി: കൽക്കരി ക്ഷാമം അവസാനിക്കുന്നതുവരെ സാധാരണ പോലെ മറ്റാർക്കും കൽക്കരി നൽകേണ്ടെന്ന് തീരുമാനിച്ച് പൊതുമേഖലാ സ്ഥാപനം കോൾ ഇന്ത്യ. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി അവസാനിക്കും വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രമായിരിക്കും ഇനി കൽക്കരി നൽകുകയെന്ന് കോൾ ഇന്ത്യ അറിയിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് കൽക്കരി വലിയ തോതിൽ ആവശ്യമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. അതേസമയം ഇക്കാര്യങ്ങൾ കോൾ ഇന്ത്യ ഔദ്യോഗികമായി കമ്പനികളെ അറിയിച്ചിട്ടില്ല.

രാജ്യത്തെ 58 ശതമാനം താപനിലയങ്ങളും കൽക്കരി ക്ഷാമം നേരിടുന്നതായാണ് വിവരം. 14 ശതമാനം പ്ലാന്റുകളിൽ മാത്രമാണ് ആവശ്യത്തിന് കൽക്കരിയുള്ളതെന്നും മറ്റുള്ളവ പ്രതിസന്ധി നേരിടുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

രാജ്യത്തെ കൽക്കരി ക്ഷാമത്തിനു പിന്നിൽ കാലവർഷവും ഖനികൾ അടച്ചു പൂട്ടിയതുമാണെന്ന് കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഝാർഖണ്ഡിലെ കൽക്കരി പാടം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ബുധനാഴ്ച വരെ രണ്ട് മില്യൺ ടൺ കൽക്കരി വിതരണം ചെയ്തിട്ടുണ്ട്. വേണമെങ്കിൽ രണ്ട് മില്യൺ ടൺ കൽക്കരി ദിവസവും ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.