മാസ്‌ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും യാത്ര ചെയ്തവരിൽ നിന്നും പിഴയായി റെയിൽവേയ്ക്ക് ലഭിച്ചത് കോടികൾ

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും യാത്ര ചെയ്തവരിൽ നിന്നും പിഴയായി റെയിൽവേയ്ക്ക് ലഭിച്ചത് കോടികൾ. ഇത്തരം യാത്രക്കാരിൽ നിന്നായി ദക്ഷിണ റെയിൽവേ 1.62 കോടി രൂപ പിഴ ഈടാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്‌ക് ഒഴിവാക്കി യാത്രചെയ്ത 32,624 പേരെയാണ് റെയിൽവേ പിടികൂടിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2021 ഏപ്രിൽ മുതൽ 12 ഒക്ടോബർ വരെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവരിൽ നിന്നായി റെയിൽവേ 35.47 കോടി രൂപ പിഴ ഈടാക്കി എന്നും കണക്കുകൾ പറയുന്നു. ഇത്തരത്തിൽ 7.12 ലക്ഷം പേരെയാണ് പിടികൂടിയത്. ചെന്നൈ ഡിവിഷൻ 12.78 കോടി രൂപയും തിരുവനന്തപുരം ഡിവിഷൻ 6.05 കോടി രൂപയും പാലക്കാട് ഡിവിഷൻ 5.52 കോടി രൂപയും മധുര ഡിവിഷൻ 4.16 കോടി രൂപയും സേലം ഡിവിഷൻ 4.15 കോടി രൂപയും തിരുച്ചിറപ്പള്ളി ഡിവിഷൻ 2.81 കോടി രൂപയും പിഴ ഈടാക്കിയെന്നും കണക്കുകൾ പുറത്തുവന്നു.

കോവിഡ് കാലത്ത് റിസർവേഷൻ ട്രെയിനുകൾ മാത്രം സർവീസ് നടത്തിയപ്പോഴും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടി വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൃത്യമായ ടിക്കറ്റ് എടുക്കാതിരിക്കുക, ബുക്ക് ചെയ്യാതെ ലഗേജ് കൊണ്ടു പോകുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 12 നാണ് ആറു മാസത്തിനിടെ ഏറ്റവും കൂടുതൽ തുക പിഴ ഇനത്തിൽ പിരിച്ചെടുത്തത്. ഒറ്റ ദിവസം കൊണ്ടു 37 ലക്ഷം രൂപയാണു ഈ ദിവസം പിഴയായി ലഭിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിൽ കേരളം, തമിഴ്‌നാട്, കർണ്ണാടകത്തിലെ മംഗലാപുരം എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്.