ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല; നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അനുപമയുടെ കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് യാതൊരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് പുലർച്ചെ 12.45 നും രാത്രി 9 നും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചതെന്നും വീണാ ജോർജ് വിശദമാക്കി. അനുപമയുടെ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യം. വടകര എംഎൽഎ കെകെ രമയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.