തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ വിദ്യാലയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്തുന്നതിനായി ഉണർവ്വ് പദ്ധതി നടപ്പിലാക്കുന്നു. എക്സൈസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ലഹരിവർജനമിഷനായ വിമുക്തിയാണ് ഉണർവ്വ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിലെ അനഭിലഷണീയ പ്രവണതകൾ തിരുത്തി അവരുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും മറ്റു കലാ കായിക പ്രവർത്തനങ്ങളിലേക്കും തിരിച്ചു വിടുന്നതിനാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിൽ ഉണർവ്വ് പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ ഗവർണറിന്റെ നയപ്രഖ്യാപനത്തിൽ അറിയിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷകർത്താക്കൾ, എക്സൈസ് ഉദ്യോഗസ്ഥർ, പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, പരിസരവാസികൾ, പ്രദേശത്തെ വ്യാപാരി വ്യവസായി സമൂഹം എന്നിവരെ ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കും ഉണർവ്വിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർത്ഥികളെ പിൻതിരിപ്പിക്കുക, അവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുന്നതിന് നടപടികൾ സ്വീകരിക്കുക, കർമ്മശേഷിയെ ക്രിയാത്മക മേഖലകളിൽ വിനിയോഗിക്കുന്നതിന് പരിശീലനം നൽകുക, വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികളെ ലഹരിയുടെ പ്രചോദനങ്ങളിൽ നിന്നും വഴിതിരിച്ച് കായിക-കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും നാല് സ്‌കൂളുകളെയാണ് തെരഞ്ഞെടുക്കുക. ഈ സ്‌കൂളുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി അവിടെയുള്ള പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിക്കുകയും ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം തീർക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് കർമ്മപദ്ധതി തയ്യാറാക്കുകയും ചെയ്യും. പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകാൻ എക്സൈസ് കമ്മീഷണറേറ്റിൽ ഉന്നതതല സമിതി രൂപീകരിക്കും. സ്‌കൂളുകളിൽ രൂപീകരിക്കുന്ന ഉണർവ്വ് കമ്മിറ്റികൾ തയ്യാറാക്കിയ കർമ്മപദ്ധതി എക്സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ ഇതര സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ലഹരി ഉപയോഗ സാധ്യതകൾ സംശയിക്കുന്ന കുട്ടികൾക്ക് വിമുക്തി മിഷൻ സെന്ററുകളിൽ കൗൺസലിങ്/ചികിത്സ നൽകും. വിദ്യാർത്ഥികളുടെ കലാ-കായിക കഴിവുകളെ വികസിപ്പിക്കുന്നതിന് സ്‌കൂളുകളിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്ക് അനുസരിച്ച് കലാ-കായിക പരിശീലന സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുന്നതിന് ‘ഉണർവ്വ്’ പദ്ധതിക്ക് കായിക പരിശീലനത്തിനത്തിന് കളിക്കളങ്ങൾ പോലെ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും സ്‌പോർട്‌സ് ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളും ആവശ്യമാണ്. സർക്കാർ ധനസഹായത്തോടെയും സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾ, കമ്പനികൾ എന്നിവയുടെ സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും വിദ്യാലയങ്ങളിലെ അടിസ്ഥാന പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. വിവിധ സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ തിരഞ്ഞെടുത്ത സർക്കാർ സ്‌കൂളുകളിലും എയിഡഡ് സ്‌കൂളുകളിലും പദ്ധതി പ്രാവർത്തികമാക്കും.

