കൊച്ചി: സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് രണ്ട് വൈദികരെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭൂമി ഇടപാടിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിലാണ് രണ്ട് വൈദികരെ എൻഫോഴ്‌മെന്റ് ചോദ്യം ചെയ്തത്. എറണാകുളം- അങ്കമാലി അതിരൂപത മുൻ മോൺസിഞ്ഞോർ ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ, മുൻ പ്രോക്യൂറേറ്റർ ഫാദർ ജോഷി പുതുവ എന്നിവരെയാണ് ചോദ്യം ചെയ്ത്. ഇരുവരും എറണാകുളത്ത് ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തി.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. കേസിൽ നേരത്തെ ഇ.ഡി പരാതിക്കാരനായ ആലുവ ചൊവ്വര സ്വദേശി പാപ്പച്ചന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലരും വാങ്ങിയ ഭൂമിക്ക് പണമെത്തിയത് ഒരേ കേന്ദ്രത്തിൽ നിന്നാണെന്നാണ് മൊഴി നൽകിയ ശേഷം പാപ്പച്ചൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവാദമായ ഭൂമി വിൽപ്പനയിൽ ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ കേസ്. ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് കേസിൽ സഭക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.

