General (Page 1,328)

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. ഇന്നലെ രാത്രിയാണ് ഉത്തരവ് പുറത്തിറക്കിയത്.

നിലവില്‍ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്. പോലീസ് സംരക്ഷണയിലാണ് ആന്ധ്രാപ്രദേശില്‍ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേരളത്തില്‍ എത്തിച്ച ശേഷം ഡിഎന്‍എ പരിശോധനയും നടത്തും.

കുഞ്ഞിന് വേണ്ടിയുള്ള സമരം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് ഇന്ന് 11 മണിക്ക് ഉത്തരവ് കൈപ്പറ്റാന്‍ വരണമെന്ന് ശിശുക്ഷേമ സമിതിയില്‍നിന്ന് അറിയിച്ചത്. എന്നാല്‍, ഉത്തരവിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും കുഞ്ഞിനെ കൊണ്ടുവരാനുള്ള ഉത്തരവാണെങ്കില്‍ ഏറെ സന്തോഷമെന്നും അനുപമ പ്രതികരിച്ചിരുന്നു. എന്നാല്‍, സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരായവര്‍ക്ക് ശിക്ഷ ലഭിക്കും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 2023 മെയ് മാസം കപ്പൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ പപോരഗതി അവലോകനം ചെയ്യാനായി ചേർന്ന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുലിമുട്ട് നിർമ്മാണത്തിനായി കൂടുതൽ കല്ലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട്ട് നിർമ്മാണത്തിന് ആവശ്യമായിട്ടുള്ളത്. 80 ലക്ഷത്തിൽ 30 ലക്ഷം കല്ല് ഇതിനോടകം കിട്ടി. അൻപത് ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പുരോഗതി എല്ലാ രണ്ടാഴ്ചയിലുംവിലയിരുത്താനാണ് തീരുമാനം. വിശദമായ പഠനം നടത്തിയ ശേഷമാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയതെന്നും ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. 2023 മെയ് 23-ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: എറണാകുളത്ത് മുൻ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ ഹോട്ടലുടമ അടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് മുൻപ് അൻസി കബീർ ഉൾപ്പെടെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ട് ഉൾപ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. 11 മണിക്കൂർ നേരമാണ് പോലീസ് റോയ് വയലാട്ടിനെ ചോദ്യം ചെയ്തത്. ഹാർഡ് ഡിസ്്കുമായി എത്തണമെന്ന് നിർദ്ദേശിച്ചാണ് റോയിയെ പോലീസ് വിട്ടയച്ചത്. തുടർന്ന് ബുധനാഴ്ച്ച രാവിലെ ഹാർഡ് ഡിസ്‌കുമായി റോയ് പോലീസിന് മുന്നിൽ ഹാജരായി.

റോയി പൊലീസിന് കൈമാറിയ ഹാർഡ് ഡിസ്‌കിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് സി.സി.ടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയ് ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്. അതേസമയം അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ട മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരുടെ ബന്ധുക്കൾ പറയുന്നത്.

കൊച്ചി: സിറോ മലബാർ സഭയിൽ കുർബാന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിലപാടിൽ ഉറച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. നവംബർ 28 ന് തന്നെ പരിഷ്‌കരിച്ച കുർബാന നടപ്പിലാക്കുമെന്നാണ് കർദിനാൾ അറിയിച്ചിരിക്കുന്നത്. കുർബാന പരിഷ്‌ക്കരിക്കുന്ന തീരുമാനം നേരത്തെ തന്നെ സ്വീകരിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ ഒരു വിഭാഗം വൈദികരും, വിശ്വാസികളും പ്രക്ഷോഭം ശക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ നിലപാടിനെ കുറിച്ച് കർദ്ദിനാൾ അറിയിച്ചത്. സിറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്ന നവംബർ 28 ന് സിറോ മലബാർ സഭയിലെ ബസലിക്ക, തീർത്ഥാടന കേന്ദ്രങ്ങളിലും ഈസ്റ്റർ ദിനത്തിൽ മറ്റ് ഇടവക പള്ളികളിലും കുർബാന പരിഷ്‌കാരം നടപ്പാക്കാനാണ് സിനഡ് നൽകിയിരിക്കുന്ന നിർദ്ദേശം. ജനാഭിമുഖ കുർബാന നടക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയടക്കം തീരുമാനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ആരാധന ക്രമത്തിലെ പരിഷ്‌കാരം വത്തിക്കാൻ അനുമതിയോടെയാണ് നടപ്പാക്കുന്നതെന്നാണ് സഭാ നേതൃത്വം അറിയിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയടക്കം 8 ഓളം അതിരൂപതകളാണ് ജനാഭിമുഖ കുർബാന മാറ്റുന്നതിനെ എതിർക്കുന്നത്.

തിരുവനന്തപുരം: ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പാതിരിക്കുകയും തീർത്ഥം കുടിക്കാതിരിക്കുകയും ചെയ്തതിനെതിരെ വിമർശനം ശക്തമാക്കുന്നു. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കെ എൻ രാധാകൃഷ്ണൻ.

കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്റെ രീതിയാണെന്നായിരുന്നു അദ്ദേഹത്തിന്റൈ വിശദീകരണം.

എതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് വിമർശകർ പരിശോധിക്കേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: തിരിച്ചറിയൽ കാർഡും ലൈസൻസുമില്ലാതെ ഇനി മുതൽ കൊച്ചിയിൽ തെരുവ് കച്ചവടം നടത്താൻ സാധിക്കില്ല. ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ ഒന്ന് മുതൽ ഇതു സംബന്ധിച്ച ഈ കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തണമെന്ന നിർദ്ദേശമാണ് ഹൈക്കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. അർഹരായവർക്ക് നവംബർ 30 നകം തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യാനും കോടതി നിർദ്ദേശം നൽകി. ഉത്തരവ് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി ജില്ലാ കളക്ടറേയും സിറ്റി പോലീസ് കമ്മിഷണറേയും കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തു.

വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014 ലെ കേന്ദ്ര നിയമം നടപ്പിലാക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവും ഹൈക്കോടതി നൽകിയിട്ടുണ്ട്. പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അനുമതി കോടതി നൽകി. ഇത്തരം അപേക്ഷകളിൽ ഒരുമാസത്തിനകം കമ്മിറ്റി തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അപേക്ഷകർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമെ വഴിയോര കച്ചവടത്തിന് ഇനി അനുമതി ലഭിക്കൂ. അതേസമയം അർഹരെന്ന് കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം ഉയരുന്നതിൽ മുന്നറിയിപ്പ് നൽകി വിദഗ്ധർ. വ്യക്തികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന രീതിയിലാണ് ഡൽഹിയിലെ സ്ഥിതിഗതികളെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ജനങ്ങൾ പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധ ഡോ. റിച്ച സരിൻ നിർദ്ദേശിച്ചു. പുറത്തു പോകണമെന്നുണ്ടെങ്കിൽ അതിരാവിലെയോ രാത്രിയിലോ മാത്രം പുറത്തു പോകുന്നതായിരിക്കും നല്ലതെന്നും മുന്നറിയിപ്പുണ്ട്.

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഓരോ ദിവസവും കുറഞ്ഞ് വരികയാണ്. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ പോകുന്നതും, പകൽ സമയത്ത് പുറത്തിറങ്ങുന്നതും കുറയ്ക്കണം. നിലവിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഡൽഹിയിൽ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ അടയ്ക്കാൻ നിർദ്ദേശമുണ്ട്. ജോലിയുള്ളവർ ഓഫീസുകളിൽ പോകാതെ വീട്ടിലിരുന്ന് ചെയ്യാൻ ശ്രമിക്കണമെന്നും അധികൃതർ പറയുന്നു.

ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ എടുക്കണമെന്നും സി.എ.ക്യു.എം നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് വിദഗ്ധർ പറയുന്നത്.

sivan kutty

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തിയെന്നും ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐപിഎൽ 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ – ബാറ്ററും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു.

സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്.

ഐപിഎൽ – 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ – ബാറ്ററും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?

തിരുവനന്തപുരം: വൈദ്യുതി ബിൽ തുകയിൽ സംശയമുള്ളവർക്ക് ഇനി സ്വയം പരിശോധിച്ച് കാര്യങ്ങൾ ബോധ്യപ്പെടാം. ഇതിനായുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ബിൽ തുകയിൽ വർദ്ധനവ് വരുമ്പോൾ നമ്മളിൽ പലർക്കും തുകയിൽ സംശയമുണ്ടാകാറുണ്ട്. ഇത്രത്തോളം തുക വരുമോ?, വൈദ്യുതി മീറ്റർ തെറ്റായി കാണിച്ചതാണോ എന്നിങ്ങനെയുള്ള പലവിധ ചോദ്യങ്ങളും ഉപഭോക്താക്കളുടെ മനസിൽ ഉയരാറുണ്ട്. വീടുകൾ അടഞ്ഞു കിടക്കുന്ന സമയങ്ങളിലാണ് മീറ്റർ റീഡ് ചെയ്യുന്നതിനായി ഉദ്യോഗസ്ഥൻ എത്തുന്നതെങ്കിൽ മുൻപത്തെ ബിൽ തുകയ്ക്ക് ആനുപാതികമായി ആണ് തുക കണക്കാക്കുന്നത്. ഇത്തരം അവസരങ്ങളിലും ബിൽ തുക സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകാം. ഇത്തരം പ്രശ്‌നങ്ങൾക്കും പുതിയ സേവനം പരിഹാരമാകും.

കെ എസ് ഇ ബിയുടെ വെബ്‌സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി ഇനി മുതൽ വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം. www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.

കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ?

കെ എസ് ഇ ബിയുടെ വെബ്‌സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.

www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5357 എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

കരൾ സംബന്ധമായ അസുഖത്തെതുടർന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.