കൊച്ചി: എറണാകുളത്ത് മുൻ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ ഹോട്ടലുടമ അടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് മുൻപ് അൻസി കബീർ ഉൾപ്പെടെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ട് ഉൾപ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. 11 മണിക്കൂർ നേരമാണ് പോലീസ് റോയ് വയലാട്ടിനെ ചോദ്യം ചെയ്തത്. ഹാർഡ് ഡിസ്്കുമായി എത്തണമെന്ന് നിർദ്ദേശിച്ചാണ് റോയിയെ പോലീസ് വിട്ടയച്ചത്. തുടർന്ന് ബുധനാഴ്ച്ച രാവിലെ ഹാർഡ് ഡിസ്‌കുമായി റോയ് പോലീസിന് മുന്നിൽ ഹാജരായി.
റോയി പൊലീസിന് കൈമാറിയ ഹാർഡ് ഡിസ്‌കിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് സി.സി.ടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയ് ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്. അതേസമയം അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ട മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരുടെ ബന്ധുക്കൾ പറയുന്നത്.

