General (Page 1,327)

ന്യൂഡൽഹി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 1962 ലെ ഇന്ത്യ – ചൈന യുദ്ധം നടന്ന കിഴക്കൻ ലഡാക്കിലെ റെസാംഗ് ലായിൽ നവീകരിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 114 ഇന്ത്യൻ സൈനികരാണ് അന്ന് ചൈനയുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ചത്.

മറ്റ് രാജ്യങ്ങളുടെ മണ്ണിൽ കണ്ണ് വയ്ക്കുന്നത് ഇന്ത്യൻ പാരമ്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ദുഷിച്ച കണ്ണ് കൊണ്ട് നോക്കിയിട്ടുള്ള ശത്രുക്കൾക്ക് തക്കതായ മറുപടി ഇന്ത്യൻ സൈനികർ നൽകിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുവാൻ പ്രാപ്തിയുള്ളവരാണ് ഇന്ത്യൻ സൈനികരെന്നും റെസാംഗ് ലായിലെ യൂദ്ധ സ്മാരകം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണക്കിരയാക്കിയ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ്‌ പെണ്‍കുട്ടി ഹര്‍ജി നല്‍കിയത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ പരാതിപ്പെടുന്നു.

ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കി നില്‍ക്കെ ചോദ്യം ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പോലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

പിന്നീട് സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ പോലീസുദ്യോഗസ്ഥയെ സ്ഥലം മാറ്റുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നീക്കാന്‍ മറ്റു വഴികളില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. നിരക്ക് വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ജൂലായിലായിരുന്നു അവസാനം നിരക്ക് വര്‍ദ്ധിപ്പിച്ചത്. കുറഞ്ഞത് 10 ശതമാനം വരെ വര്‍ദ്ധന ബോര്‍ഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വര്‍ധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ പെറ്റീഷന്‍ ഡിസംബര്‍ 31ന് മുമ്പ് നല്‍കാന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കുക.

നിരക്ക് വര്‍ദ്ധനവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി തീരുമാനിക്കുമെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ഇടുക്കി ഡാം ഷട്ടറും ഉയര്‍ത്തി. ഒരു ഷട്ടറാണ് 40 സെ.മീ ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ രാവിലെ എട്ട് മണിയോടെ ഉയര്‍ത്തിയിരുന്നു. ചരിത്രത്തിലാദ്യമാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരു വര്‍ഷത്തില്‍ മൂന്നു തവണ തുറക്കുന്നത്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 772 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം ചിത്രീകരണം നടത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രിയോടെ തുറന്നിരുന്നു. സെക്കന്‍ഡില്‍ 10,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. ഇന്നലെ വൈകുന്നേരം മലയോരമേഖലയില്‍ പെയ്ത ശക്തമായ മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 15 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. ഇന്നലെ വൈകുന്നേരം 140.65 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. പുലര്‍ച്ചെ 5.30 ന് ഇത് 141 അടിയിലെത്തി. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാര്‍ അണക്കെട്ട് തമിഴ്നാട് തുറന്നു വിട്ടു. ഇതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പുയര്‍ന്നു. ചിറ്റൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. യാക്കര പുഴയിലേക്ക് കൂടുതല്‍ ജലവുമെത്തി.

ഇതുവരെ എവിടെയും നാശഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്നതിന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തിരുനെല്ലായിയില്‍ നാട്ടുകാര്‍ പാലം ഉപരോധിച്ചു. ജനപ്രതിനിധികളും ഉപരോധ സമരത്തില്‍ പങ്കെടുത്തു.

അതേസമയം, കേരള ജലവിഭവ വകുപ്പിനെയും പോലീസിനെയും അണക്കെട്ട് തുറക്കുന്ന കാര്യം അറിയിച്ചതായി തമിഴ്നാട് അവകാശപ്പെട്ടു. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളം തുറന്നു വിടുമെന്ന് അറിയിച്ചതായാണ് തമിഴ്നാട് അവകാശപ്പെടുന്നത്. എന്നാല്‍, അണക്കെട്ട് തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്ത നിവാരണ അതോറിറ്റി ആണെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കി.

ന്യൂഡൽഹി: ഇന്ത്യയിലെ ഗ്രാമങ്ങളിൽ 4 ജി മൊബൈൽ സർവീസ് നൽകാനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ 7,000 ഗ്രാമങ്ങളിൽ 4 ജി ഇന്റർനെറ്റ് സജ്ജീകരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് 4 ജി മൊബൈൽ സർവീസ് ഒരുക്കുന്നത്. ഏകദേശം 6,466 കോടി രൂപയുടേതാണ് പദ്ധതി.

ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത 44 ജില്ലകളിൽ നിന്നുള്ള ഏഴായിരത്തോളം ഗ്രാമങ്ങളിൽ 4 ജി മൊബൈൽ ടവറുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് ഇ ഗവേണൻസ് പ്രയോജനപ്പെടുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ചില പ്രദേശങ്ങളിൽ മാവോയിസ്റ്റുകളുടെ പ്രവൃത്തി മൂലം തകർന്ന റോഡുകളുടെ പുനർനിർമ്മാണം പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിലൂടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വനവാസികൾക്ക് തീരുമാനം പ്രയോജനപ്രദമാകും. വന പ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും നദീ തീരങ്ങളിലൂടെയുമുള്ള റോഡുകളുടെ പുനർനിർമ്മാണവും പദ്ധതിയിലൂടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ: ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി തമിഴ്‌നാട് സർക്കാർ. സ്വകാര്യകമ്പനികൾ സിമന്റിന് വില കുത്തനെ കൂട്ടിയതോടെ ഒരു കെട്ടിടം നിർമ്മിക്കാനുള്ള ചെലവ് താങ്ങാനാകാതെ വലഞ്ഞ ജനങ്ങൾക്കായി തമിഴ്‌നാട് സർക്കാർ വിലക്കുറച്ച് സിമന്റ് നിർമ്മിക്കുകയാണ് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട് സിമന്റ്‌സ് കോർപ്പറേഷൻ നിർമ്മിക്കുന്ന വലിമൈ എന്ന പുതിയ ബ്രാന്റാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ സിമന്റിന്റെ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വലിമൈയുടെ പ്രീമിയം 50 കിലോഗ്രാമിന് ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് വില. സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയോളം വില വരുമ്പോഴാണ് സർക്കാർ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട് സിമന്റ്‌സ് കോർപ്പറേഷന് 17 ലക്ഷം മെട്രിക് ടൺ സിമന്റ് ഉൽപാദിപ്പിക്കാൻ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണുള്ളത്. തമിഴ്‌നാട് സർക്കാരിന്റെ രണ്ടാമത്തെ സിമന്റ് ബ്രാന്റാണ് വലിമൈ. നിലവിൽ സർക്കാരിന്റെ തന്നെ അരസു എന്ന സിമന്റ് 30000 ടണ്ണിനടുത്ത് വിൽപ്പന നടക്കുന്നുണ്ട്.

കോട്ടയം: സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് മുതൽ ഇരുപത് ശതമാനം വരെ വർധനവാണ് പച്ചക്കറി വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വില ഇനിയും ഉയരാനിടയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. മഴക്കെടുതിയും ഇന്ധനവില വർദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. പാക്കറ്റിലെത്തുന്ന ഭക്ഷ്യ സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്.

ഒരാഴ്ച്ചക്കിടെ ആറു രൂപയാണ് ഒരു കിലോ അരിയ്ക്ക് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിൽ സംസ്ഥാനത്ത് ഇത്ര വലിയ വിലക്കയറ്റം ഉണ്ടായിട്ടില്ല. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഉണ്ടായ നെൽകൃഷി നാശവും സംസ്ഥാനത്തെ ഭക്ഷ്യസാധനങ്ങളുടെ വില ഉയരാൻ കാരണമായി. പച്ചക്കറികളുടെ വില വർദ്ധനവ് ഹോട്ടൽ വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വെണ്ടയ്ക്കയ്ക്കും ബീൻസിനും കിലോയ്ക്ക് നൂറ് രൂപയ്ക്ക് അടുത്തെതിയതായണ് വിവരം. പച്ചക്കറികൾ എത്തുന്ന തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ കനത്ത മഴയായതിനാൽ കൃഷി നശിച്ചിരിക്കുകയാണ്. പച്ചക്കറിയുടെ വരവും അതിനാൽ നിലച്ചു. ഇതാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായയെന്നാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം വില വർധന നിയന്ത്രിക്കാൻ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടേയാണ് മറ്റു സാധനങ്ങൾക്കും വില കൂടിയതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. പച്ചക്കറികൾക്ക് പുറമെ പയർ, ഉഴുന്ന് തുടങ്ങിയവയ്ക്കും വില വർധിച്ചിട്ടുണ്ട്.

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ. ഹോട്ടലിലെ വിവാദ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ നശിപ്പിച്ചെന്നാണ് ഡി.ജെ.പാർട്ടി നടന്ന ഹോട്ടലിലെ ജീവനക്കാർ നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനിൽ, വിൽസൻ റെയ്‌നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ തുടങ്ങിയവരെയും പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്.

രണ്ടു ദിവസങ്ങളിൽ ഹോട്ടൽ ഉടമയെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടുവെന്നും തുടർന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്‌നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദേശപ്രകാരം ഔഡി കാർ പിന്തുടർന്നതെന്നുമാണ് പോലീസ് സംശയിക്കുന്നത്.

അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ റോയിയുടെ നിർദേശപ്രകാരം മാറ്റിയെന്നായിരുന്നു ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയത്. ചൊവ്വാഴ്ച ഒരു ഡി.വി.ആറുമായി റോയി പോലീസിനു മുന്നിൽ ഹാജരായി. എന്നാൽ, ഹോട്ടലിൽനിന്ന് മാറ്റിയ ഒരു ഡി.വി.ആർ. മാത്രമായിരുന്നു എത്തിച്ചത്. പിന്നീട് ഡി.ജെ. പാർട്ടി നടന്ന ഹാളിലെ ഡി.വി.ആറുമായി ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകി പോലീസ് വിട്ടയച്ചു. എന്നാൽ, ബുധനാഴ്ച രണ്ടാമത്തെ ഡി.വി.ആറില്ലാതെയാണ് റോയി എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി. തുടർന്ന് നമ്പർ 18 ഹോട്ടലിൽ റോയിയുമായി എത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഡിവിആർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സി.ബി.ഐ. മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് മനഃപൂര്‍വം കളവായ മൊഴി രേഖപ്പെടുത്തി അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ ആരോപണം. പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.

സുബീഷിന്റെ കള്ളമൊഴി കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നിര്‍ദേശ പ്രകാരമാണ് സുബീഷിനെ കസ്റ്റഡിയിലെടുത്തതെന്നും സി.ബി.ഐ പറയുന്നു. കേസ് അട്ടിമറിക്കാന്‍ പോലീസ് വിചാരണ വേളയില്‍ ശ്രമിച്ചുവെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ടില്‍ പോലീസിനെതിരെയുള്ള കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2016 നവംബര്‍ 17നാണ് സുബീഷിനെ വടകരയ്ക്ക് സമീപത്ത് വെച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നല്‍കി കസ്റ്റഡിയിലെടുത്തുവെന്ന പോലീസ് അവകാശവാദം തെറ്റാണെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്ക് കൂത്തുപറമ്പ് സ്റ്റേഷനില്‍ ഹാജരാകണമെന്നുള്ള നോട്ടീസാണ് സുബീഷിന് നല്‍കാനായി തയ്യാറാക്കിയിരുന്നത്. എന്നാല്‍, അതിന് മുന്‍പ് ഡി.വൈ.എസ്.പിയുടെ നിര്‍ദേശം അനുസരിച്ച് സുബീഷിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഡിവൈഎസ്പി മാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.