മേൽവിലാസക്കാരന് കൊടുക്കാതെ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ചു; പോസ്റ്റുമാനും പോസ്റ്റൽ സൂപ്രണ്ടിനുമെതിരെ നടപടി

കണ്ണൂർ: മേൽവിലാസക്കാരന് കൊടുക്കാതെ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റുമാനും പോസ്റ്റൽ സൂപ്രണ്ടിനുമെതിരെ നടപടിയുമായി ഉപഭോക്തൃ കോടതി. ഒരു ലക്ഷം രൂപയാണ് ഇരുവർക്കും കോടതി പിഴ വിധിച്ചത്. താവക്കരയിലെ ടി വി ശശിധരൻ എന്ന ആർട്ടിസ്റ്റ് ശശികലയാണ് പോസ്റ്റുമാനും പോസ്റ്റൽ സൂപ്രണ്ടിനുമെതിരെ പരാതി നൽകിയത്. ചിറക്കൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായിരുന്ന എം വേണുഗോപാൽ, പോസ്റ്റൽ സൂപ്രണ്ട് കെ ജി ബാലകൃഷ്ണൻ എന്നിവർക്കാണ് കോടതി പിഴ വിധിച്ചത്. 13 വർഷത്തെ നിയമപ്പോരാട്ടത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.

പുതിയപുരയിൽ ഹംസ എന്ന മേൽവിലാസത്തിൽ 2008 ജൂൺ 30 ന് ശശിധരൻ എഴുതിയ രജിസ്റ്റേഡ് കത്താണ് ഇവർ പൊട്ടിച്ചു വായിച്ചത്. ശേഷം ആള് സ്ഥലത്തില്ലെന്ന് റിമാക്സ് രേഖപ്പെടുത്തി കത്ത് തിരിച്ചയയ്ക്കുകയായിരുന്നു. കരാറുകാരനായ ഹംസക്കുട്ടിയായിരുന്നു ശശിധരന്റെ വീട് നിർമ്മാണ ചുമതല ഏറ്റെടുത്തത്. പണം വാങ്ങിയിട്ടും കൃത്യസമയത്ത് പണി പൂർത്തിയാക്കാത്ത കാര്യം ചോദ്യം ചെയ്താണ് ശശിധരൻ ഹംസയ്ക്ക് കത്തയച്ചത്.

എന്നാൽ കത്ത് പോസ്റ്റുമാനായ വേണുഗോപാൽ വായിച്ചിട്ട് ഹംസക്കുട്ടിയോട് പറഞ്ഞുവെന്നും വീടും പുരയിടവും ഹംസക്കുട്ടി മറിച്ച് വിറ്റത് അതുകൊണ്ടാണെന്നും ശശിധരൻ പരാതിയിൽ ആരോപിക്കുന്നു. ഇരുവർക്കുമെതിരെ ശശിധരൻ പരാതി നൽകിയയോടെ വകുപ്പുതല അന്വേഷണം നടത്തുകയും വേണുഗോപാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, മൂന്ന് മാസത്തിന് ശേഷം വേണുഗോപാലിന് അതേ പോസ്റ്റ് ഓഫിസിൽ നിയമനം നൽകി. തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പിന്നീട് സാങ്കേതിക തടസമുന്നയിച്ച് ജില്ലാ ഉപഭോക്തൃ കോടതി കേസ് തള്ളി. തുടർന്ന് പരാതിക്കാരൻ സംസ്ഥാന കമ്മീഷനം സമീപിക്കുകയായിരുന്നു. പ്രതികൾ 50000 രൂപ രണ്ട് മാസത്തിനകം നൽകണമെന്നാണ് കോടതി ഉത്തരവ്. വൈകിയാൽ എട്ട് ശതമാനം പലിശ നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.