ഇടുക്കി: ഇടുക്കിയിൽ സൂക്ഷ്മ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി. പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് കെഎസ്ഇബി ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. കേന്ദ്ര സർക്കാർ ഏജൻസിയായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് പഠനം നടത്തുന്നത്. 2020 ഫെബ്രുവരി മുതൽ ഡാം ഉൾപ്പെടുന്ന പ്രദേശങ്ങളിലുൾപ്പടെ തുടർച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നീക്കം.
ഇടുക്കി ഡാമിന്റേതുൾപ്പടെയുള്ള പദ്ധതികളുടെ പ്രാധാന്യം പരിഗണിച്ചാണ് വിശദമായ പഠനം നടത്താൻ കെഎസ്ഇബി തീരുമാനിച്ചത്.പ്രദേശത്ത് 40 കിലോമീറ്റർ ചുറ്റളവിൽ 10 ഡാമുകളാണുള്ളത്. ദേശീയ ജല അതോറിറ്റിയുടെ ഫൗണ്ടേഷൻ എഞ്ചിനീയറിങ് ആൻഡ് സ്പെഷ്യൽ അനാലിസിസ് ഡയറക്ടർ സമിർ കുമാർ ശുക്ല ചെയർമാനും വൈദ്യുതി ബോർഡ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ പ്രീത കൺവീനറുമായി കഴിഞ്ഞ വർഷം ഒരു സമിതി രൂപീകരിച്ചിരുന്നു.
ചെന്നൈ ഐഐടി പ്രൊഫസർ സി.വി. ആർ മൂർത്തി, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ ഡയറക്ടർ, ഈശ്വർ ദത്ത് ഗുപ്ത, ജിഎസ്ഐ വെസ്റ്റേൺ റീജിയൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സന്ദീപ് കുമാർ സോം, കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് എൻജിനീയർ അലോഷി പോൾ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് സമിതിയുടെ പ്രവർത്തനങ്ങൾ നീണ്ടുപോയത്.

