ന്യൂഡൽഹി: സിബിഐ ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസർക്കാർ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ്. സർക്കാർ ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഹർജി നൽകിയത്. നടപടി സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഹർജിയിൽ ആരോപിച്ചു. രണ്ട് വർഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടർമാരുടെ കാലാവധിയാണ് അഞ്ച് വർഷമാക്കി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. തൃണമൂൽ കോൺഗ്രസ്, സിപിഎം, തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും നീക്കങ്ങളും കേന്ദ്ര നീക്കത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീം കോടതി നിർദ്ദേശം മറിക്കടക്കാനാണ് കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷം വരെ നീട്ടി കേന്ദ്ര സർക്കാർ ഭേദഗതി ഇറക്കിയത്. ഇതിനായി രണ്ട് ഓർഡിനൻസുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ രണ്ടു വർഷമാണ് സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടർമാരുടെ കാലാവധി.
ഡൽഹി സ്പെഷ്യൽ പോലീസ് (എസ്റ്റാബ്ലിഷ്മെന്റ്) ഓർഡിനൻസ്, 2021, സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ്, 2021 എന്നീ രണ്ട് ഓർഡിനൻസുകളും ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് നിയമ-നീതി മന്ത്രാലയം അറിയിക്കുന്നത്. കാലാവധി അവസാനിക്കുന്നത് മുൻപ് ഡയറക്ടർമാരെ സ്ഥാനത്ത് നിന്നും നീക്കാൻ കഴിയില്ലെങ്കിലും ഓർഡിനൻസ് പ്രകാരം രണ്ടു വർഷ കാലാവധിയ്ക്ക് ശേഷം ഓരോ വർഷങ്ങളിലായി മൂന്ന് തവണ വരെ ഡയറക്ടർമാരുടെ കാലാവധി നീട്ടി നൽകാൻ കഴിയും.
അഞ്ച് വർഷം വരെ സിബിഐ, ഇഡി മേധാവികളായി തുടരാൻ ഓർഡിനൻസിലൂടെ കഴിയും. പൊതു താത്പര്യം മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അല്ലെങ്കിൽ ബന്ധപ്പെട്ട സമിതിയുടെ ശുപാർശ ലഭിക്കണം. അഞ്ച് വർഷം പൂർത്തിയാക്കിയാൽ പിന്നീട് കാലാവധി നീട്ടി നൽകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

