തൃശൂർ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് മുഖ്യമന്ത്രി പ്രദീപിന്റെ വീട് സന്ദർശിച്ചത്. പ്രദീപിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ അദ്ദേഹം പങ്കുചേർന്നു.
പ്രദീപിന്റെ ചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പങ്ങൾ അർപ്പിച്ചു. പ്രദീപിന്റെ അച്ഛനെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. പ്രദീപിന്റെ മക്കളായ ദക്ഷ്വിൻദേവ്, ദേവപ്രയാഗ എന്നിവരോട് അദ്ദേഹം വിശേഷങ്ങൾ ചോദിച്ചു. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, സഹോദരൻ പ്രസാദ് എന്നിവരേയും അദ്ദേഹം സാന്ത്വനിപ്പിച്ചു. മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഡിസംബർ എട്ടിനാണ് കുനൂരിൽ ഹെലികോപ്റ്റർ അപകടം ഉണ്ടായത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് മരിച്ചത്.
അതേസമയം പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എം.കോം ബിരുദധാരിയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി. പ്രദീപിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. പ്രദീപിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ധനസഹായം നൽകുന്നതിന്റെയും സർക്കാർ ഉത്തരവ് റവന്യു മന്ത്രി കൈമാറിയിട്ടുണ്ട്. സൈനികക്ഷേമ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു മൂന്നു ലക്ഷം രൂപയുമാണ് നൽകുന്നത്.

