തിരുവനന്തപുരം: മുസ്ലീം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് ജമാ അത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവർഗീയതയുടെ കാര്യത്തിൽ എസ്ഡിപിഐയോട് മത്സരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കാനാകാത്തതിനാൽ കോൺഗ്രസ് ശോഷിച്ചുവെന്നും ഇത് ലീഗിനും സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലീഗ് മതേതര വിശ്വാസികളെ പുച്ഛിക്കുകയാണ്. പൊയ്മുഖം കാണിക്കാറുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ വർഗീയ ശക്തികളോട് ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നുണ പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയും ഇത് പഴയ കാലമല്ലെന്ന് ലീഗ് നേതൃത്വം മനസിലാക്കണമെന്നും അദ്ദേഹം അറിയിച്ചു. വഖഫ് നിയമം നിയമസഭയിൽ വന്നപ്പോൾ ലീഗ് നേതാവ് എതിർത്തില്ലെന്നും നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ ആക്ഷേപങ്ങൾക്കും അദ്ദേഹം മറുപടി നൽകി. തന്റെ അച്ഛനും വഖഫ് ബോർഡ് പിഎസ്സിക്കു വിടുന്നതും തമ്മിൽ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ചെത്തുകാരന്റെ മകൻ എന്നത് തനിക്ക് അഭിമാനകരമാണ്. അമ്മയേയും പെങ്ങളേയും മുസ്ലീം ലീഗ് തിരിച്ചറിയണം. മുസ്ലീം ലീഗിൽ അണിചേർന്നവരിൽ ഭൂരിഭാഗവും മതനിരപേക്ഷതയുള്ളവരാണെന്നും ഇവർ നേതൃത്വത്തെ തിരുത്താൻ പറ്റുമെങ്കിൽ തിരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

