കൊച്ചി: ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി സിനുവാണ് അറസ്റ്റിലായത്. കൊലപാതകം നടത്താനുള്ള ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത വെള്ളക്കിണർ സ്വദേശി അനൂപ് അഷ്‌റഫ്, റസീബ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനൂപ് അഷ്‌റഫിനെ ബംഗളുരുവിൽ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്.
കേരളത്തിന് പുറത്തുള്ള എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. മറ്റ് പ്രതികളെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസിൽ ഉൾപ്പെട്ട പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. ഇതിനുള്ള സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.

