ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് 17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. 23 പദ്ധതികളാണ് ഉത്തരാഖണ്ഡിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 14100 കോടിയിലധികം വരുന്ന 17 പദ്ധതികളുടെ തറക്കല്ലിടലാണ് പ്രധാനമന്ത്രി നടത്തിയത്. ജലസേചനം, റോഡ്, പാർപ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം തുടങ്ങിയ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പിത്തോരഗഡിലെ ജലവൈദ്യുത പദ്ധതി, നൈനിറ്റാളിലെ മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, ഒന്നിലധികം റോഡ് വീതി കൂട്ടൽ പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടെ ആറ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 3400 കോടി രൂപയുടെ പദ്ധതികളാണിവ.
8700 കോടി രൂപയുടെ റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിച്ചു. വിദൂര, ഗ്രാമ, അതിർത്തി പ്രദേശങ്ങളിലെ കൈലാസത്തിലേക്കും മാനസരോവറിലേക്കുമുള്ള യാത്രയ്ക്ക് മെച്ചപ്പെട്ട സൗകര്യമാണ് റോഡുകൾ പൂർത്തിയാകുന്നതോടെ ലഭിക്കുന്നത്. ഉദംസിംഗ് നഗറിൽ എയിംസ് ഋഷികേശ് ഉപഗ്രഹ കേന്ദ്രത്തിനും പിത്തോരഗഡിലെ ജഗ്ജീവൻ റാം സർക്കാർ മെഡിക്കൽ കോളേജിനും നരേന്ദ്ര മോദി തറക്കല്ലിട്ടു. കാശിപൂരിലെ അരോമ പാർക്കിന്റെയും സിതാർഗഞ്ചിലെ പ്ലാസ്റ്റിക് ഇൻഡസ്ട്രിയൽ പാർക്കിന്റെയും സംസ്ഥാനത്തുടനീളമുള്ള പാർപ്പിടം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയിലെ മറ്റ് നിരവധി സംരംഭങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു. ഉത്താരഖണ്ഡിലെ മുൻ സർക്കാരുടെ പ്രധാനമന്ത്രി വിമർശിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി ആവിഷ്‌ക്കരിച്ച പദ്ധതികൾക്ക് കാലതാമസം വരുത്തിയതിനാണ് അദ്ദേഹത്തിന്റെ വിമർശനം.
ശൗചാലയങ്ങളുടെ നിർമാണവും മെച്ചപ്പെട്ട മലിനജല സംവിധാനവും ആധുനിക ജല ശുദ്ധീകരണ സൗകര്യങ്ങളും വന്നതോടെ ഗംഗ കൂടുതൽ ശുദ്ധമായെന്നും ഡൽഹിയിലെയും ഡെറാഡൂണിലെയും സർക്കാരുകളെ നയിക്കുന്നത് അധികാരമോഹമല്ല മറിച്ച് സേവനമനോഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത് വികസനത്തിന്റെ വേഗം വർധിപ്പിക്കാനാണ്. നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് വിപുലീകരണ പദ്ധതികൾ വിദൂര പ്രദേശങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക മാത്രമല്ല, ഈ മേഖലയിലെ ടൂറിസം, വ്യാവസായിക, വാണിജ്യ പ്രവർത്തനങ്ങൾക്ക് പുഷ്ടി പകരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

