കോടതി അയച്ച നോട്ടീസ് കൈപ്പറ്റിയില്ല; സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ ഗവർണർ തയ്യാറായില്ല.

നോട്ടീസ് സർക്കാരിന് കൈമാറാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചു. ഹൈക്കോടതി നോട്ടീസ് സർവകലാശാല ചാൻസലർക്കാണെന്നും എട്ടാം തീയതി മുതൽ താൻ ചാൻസലർ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. നോട്ടീസിൽ സർക്കാർ തന്നെ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം നിലപാടെടുത്തു.

ജനുവരി 12 നാണ് കേസിൽ കോടതി വാദം കേൾക്കുന്നത്. ചാൻസലർ പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഗവർണർ സർക്കാരിന് കത്തയച്ചിരുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ ഗവർണറുടെ നിലപാടിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഇടതുപക്ഷം ആരോപിച്ചത്.