ട്രെയിനിൽ വെച്ച് യാത്രക്കാരനെ മർദ്ദിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കണ്ണൂർ: ട്രെയിനിൽ വെച്ച് യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. യാത്രക്കാരനെ ഉപദ്രവിച്ച എ.എസ്.ഐ പ്രമോദിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ.

ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നും സ്ത്രീകളെ ശല്യംചെയ്തെന്നും ആരോപിച്ചായിരുന്നു ട്രെയിനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചത്. സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യാത്രക്കാരനെ മർദിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്റലിജൻസ് എ.ഡി.ജി.പിയാണ് എഎസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

മാവേലി എക്‌സ്പ്രസിൽ വെച്ചാണ് പൊലീസ് യാത്രക്കാരനെ മർദ്ദിച്ചത്. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്‌ഐ പ്രമോദ് ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടുകയായിരുന്നു.

സ്ലീപ്പർ കമ്പാർട്ട്‌മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകുകയായിരുന്നു. ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് എഎസ്ഐ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്‌സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു പോലീസിന്റെ ക്രൂരത അരങ്ങേറിയത്.

അതേസമയം സ്ത്രീകളായ യാത്രക്കാരോട് ഇയാൾ മോശമായി പെരുമാറിയെന്നും അതിനു ടിടിഇയോട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ എത്തിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. മർദ്ദന ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്പി ഇളങ്കോ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.