ഹൈദരാബാദ്: തൊഴിലില്ലായ്മ വേതനം വർധിപ്പിച്ച് തെലങ്കാന. തൊഴിൽ ഇല്ലാത്തവർക്ക് മാസം തോറും നൽകുമന്ന വേതനം 3016 രൂപയായാണ് വർധിപ്പിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ മാസം മുതൽ ഈ തുക ലഭ്യമാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ടിആർഎസ് തൊഴിൽ രഹിതർക്ക് വേതനം പ്രഖ്യാപിച്ചത്. ടി ആർഎസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്.
അതേസമയം നിലവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കാനുള്ള നീക്കം തെലങ്കാന സർക്കാർ നടത്തുന്നുണ്ട്. നിലവിൽ തൊഴിൽ ഇല്ലായ്മാ വേതനം ലഭിക്കുന്ന ഉദ്യോഗാർത്ഥികളിൽ പരമാവധി പേർക്ക് സ്ഥിരവരുമാനം ഉറപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത് സംബന്ധിയായ അറിയിപ്പുകൾ ഉടനുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2020, 2021 വർഷങ്ങളിൽ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുന്നതിൽ തടസം സൃഷ്ടിച്ചിരുന്നു.

