General (Page 1,268)

പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന. പാലക്കാട്ടെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന മേപ്പടിയാൻ എന്ന സിനിമയുടെ സാമ്പത്തിക വശങ്ങൾ പരിശോധിക്കാനാണ് റെയ്ഡ്. കൊച്ചി, കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ ചേർന്നാണ് റെയ്ഡ് നടത്തിയത്.

മേപ്പടിയാന്റെ നിർമ്മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് ചില പരാതികൾ എൻഫോഴ്്‌സ്‌മെന്റിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. മണിക്കൂറുകളോളം നേരം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഉണ്ണി മുകുന്ദന്റെ വീട്ടിൽ ചെലവഴിച്ചു.

വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയും വിഷ്ണു മോഹനാണ്. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഉണ്ണിമുകുന്ദന് പുറമെ അജു വർഗീസ്, ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വി ഡി സതീശൻ സർക്കാരിന്റെ അടുത്ത ആളാണെന്നും ഗവർണർ ആരോപിക്കുന്നു. പ്രതിപക്ഷ നേതാവിന് രാജാവിനോട് (കിംഗ്) കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്. പക്ഷെ മര്യാദ കാരണം പറയുന്നില്ല. രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി. അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കത്. മര്യാദയുടെ സീമ പാലിക്കണം. അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവർക്ക് അതിൽ ലജ്ജ തോന്നണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ഒമിക്രോൺ വ്യാപന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനംമെടുത്തത്.

എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ ശക്തിപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഒമിക്രോൺ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകി. നിലവിൽ വാക്സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.

ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

മലപ്പുറം: കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പ്രമേയം പാസാക്കിയതിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രമേയം തന്റെ അറിവോട് കൂടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണം എന്നുള്ള പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് വ്യക്തമാക്കിയാണ് സമസ്ത പ്രമേയം പാസാക്കിയത്. കൺവീനർ സലിം എടക്കരയാണ് പ്രമേയം അവതരിപ്പിച്ചത്. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് നയമെന്ന് സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മലപ്പുറം ജില്ലാ സുവർണ്ണ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സമ്മേളനത്തിലാണ് കമ്മ്യൂണിസത്തിനെതിരെ പ്രമേയം പാസാക്കിയത്. അതേസമയം വഖഫ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട വിഷയത്തിൽ മുസ്ലീം ലീഗ് രണ്ടാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 27 ന് കലക്ട്രേറ്റുകളിലേക്ക് മാർച്ച്, ഫെബ്രുവരി മാസം നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും മുസ്ലീം ലീഗ് അറിയിച്ചു. പഞ്ചായത്ത് തലത്തിൽ രാപ്പകൾ സമരം എന്നിങ്ങനെയുള്ള സമരവും ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ. ഉദ്യോഗസ്ഥതല സമിതിയാണ് ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തത്, സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലായ് 14 നാണ് എം.ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്പെന്റ്ഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആറ് മാസം കൂടുമ്പോൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പുനഃപരിശോധിക്കുന്ന രീതിയുണ്ട്. എന്നാൽ ശിവശങ്കറിന്റെ സസ്‌പെൻഷൻ രണ്ടുതവണ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു വർഷത്തിലധികമായി ശിവശങ്കർ സസ്‌പെൻഷനിലാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ശുപാർശ നൽകിയത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസാണ് ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസിൽ നിന്നും ഈ കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

ഡിസംബർ 30-നകം വിശദാംശങ്ങൾ നൽകാനാണ് സമിതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഇതുവരെ നൽകിയിട്ടില്ല.

കൊച്ചി: ഇന്ത്യയിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർധനവ്. എട്ട് ലക്ഷം കോടി രൂപയാണ് യുപിഐ വഴി കഴിഞ്ഞ മാസം മാത്രം ഇന്ത്യക്കാർ കൈമാറിയത് കോവിഡ് കാലത്ത് ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതിന്റെ ഉദാഹരണമാണ് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഡിസംബറിലെ യു പി ഐ ഇടപാടുമൂല്യം 8.26 ലക്ഷം കോടി രൂപയാണ്.

2021 ൽ ആകെ 3,874 കോടി രൂപയുടെ ഇടപാടുകൾ യു പി ഐ വഴി നടന്നു. ഇത് സർവകാല റെക്കാഡാണെന്നും എൻപിസിഐ അറിയിച്ചു. 1,887 കോടിയുടെ ഇടപാടുകൾ മാത്രമായിരുന്നു മുൻ വർഷം യു പി ഐ വഴി നടത്തിയത്. 105 ശതമാനത്തിന്റെ വളർച്ചയാണ് ഒരു വർഷം കൊണ്ട് ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾ വഴിയുള്ള പണമിടപാടുകളിൽ സംഭവിച്ചിരിക്കുന്നതെന്നും എൻപിസിഐ വ്യക്തമാക്കി.

2020ൽ 31 ലക്ഷം കോടി രൂപ ആയിരുന്നു യുപിഐ വഴിയുള്ള ഇടപാടുകളുടെ മൂല്യം. 2021 ൽ ഇത് 71.46 ലക്ഷം കോടിയായി ഉയർന്നു. 130 ശതമാനത്തിന്റെ വർദ്ധനവാണ് ഇടപാടുകളിലുണ്ടായത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒക്ടോബർ വരെ ഓരോ മാസവും യുപിഐ ഇടപാടുകളിൽ വർധനവ് ഉണ്ടായിരുന്നു. നവംബറിൽ നേരിയ ഇടിവ് ഉണ്ടായി. എന്നാൽ ഡിസംബറിൽ ഇടപാടുകളിൽ വീണ്ടും വർധനവ് ഉണ്ടായി. ഫോൺപേ വഴിയാണ് ഏറ്റവുമധികം യു പി ഐ ഇടപാടുകൾ നടന്നതെന്നാണ് എൻപിസിഐയുടെ നവംബർ മാസത്തെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 45 ശതമാനം ഇടപാടുകൾ ഗൂഗിൾപേ വഴിയും 15 ശതമാനം പേടിഎം വഴിയും നടന്നുവെന്നും കണക്കുകൾ വിശദമാക്കുന്നുണ്ട്.

കൊല്ലം: രാജ്യത്തെ ആദ്യ ‘ഡൊമസ്റ്റിക് അനിമൽ മ്യൂസിയം’ കുരിയോട്ടുമലയിൽ സ്ഥാപിക്കും. മ്യൂസിയത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 1.5 കോടി രൂപയാണ് പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ ചെലവ്. ഫാം ടൂറിസം ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.

വിവിധതരം ഇന്ത്യൻ പശുക്കളുടെ പ്രദർശനം ഫാം ടൂറിസത്തിന്റെ ഭാഗമായി നടക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. വെച്ചൂർപശു, കാസർകോട് കുള്ളൻ, ഏഷ്യയിലെ ഏറ്റവും ചെറിയ പശുവായ പുങ്കാന്നൂർ പശു തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടാകും. വിവിധ ഇനത്തിലുള്ള ആടുകളും ഒട്ടകപ്പക്ഷി, യമു, റിയ തുടങ്ങി പക്ഷികളും മുയലുകളും ഫാമിലുണ്ട്. വിവിധതരം റൈഡുകൾ, കുതിരസവാരി, സൈക്കിൾ ട്രാക്ക് എന്നിവയും ഫാമിൽ ഒരുക്കും.

വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ഫാം ഹട്ടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. 3 ഹട്ടുകളാണ് ഇവിടെ ഒരുക്കുന്നത്. ഹൗസിങ് ബോർഡിനാണ് നിർമാണച്ചുമതല. 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡൊമസ്റ്റിക് അനിമൽ മ്യൂസിയം നിർമിക്കാനാണു പദ്ധതി. ജീവികളുടെ ചെറിയ ഫൈബർ ശിൽപങ്ങൾ, അസ്ഥികൂടം അവയെ സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇവിടെയുണ്ടാകും. പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 5 കോടി രൂപയോളം ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

dileep

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന ആരോപണവുമായി നടൻ ദിലീപ് രംഗത്തെത്തി.

ബാലചന്ദ്ര കുമാറിന്റെ പരാതിയ്ക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ടെന്നും ദിലീപ് ആരോപിച്ചു. ഇക്കാര്യം സംബന്ധിച്ച് ഡി.ജി.പിക്കും എ.ഡി.ജി.പിക്കും ദിലീപ് പരാതി നൽകിയിട്ടുണ്ട്. കോടതിയിലെ കേസ് അട്ടിമറിക്കാൻ ആണ് അഭിമുഖം വഴി ശ്രമിക്കുന്നതെന്നും ദിലീപ് വ്യക്തമാക്കി.

202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേ ദിവസം ആണ് പരാതി രൂപപ്പെട്ടതെന്നും വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ തകരുമായിരുന്നുവെന്നും ദിലീപ് പറഞ്ഞു. പ്രോസിക്യൂട്ടറെ രാജി വയ്പ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബാലചന്ദ്രകുമാറിന്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നും ദിലീപ് അറിയിച്ചു.

ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏൽപ്പിക്കണം. തുടർ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നും ബൈജു പൗലോസിന് എതിരെ നടപടി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

കാലിഫോർണിയ: കോവിഡ് വ്യാപനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ശാസ്ത്രലോകം. കോവിഡ് കാലങ്ങളോളം സമൂഹത്തിൽ ഉണ്ടാകുമെന്നും മഹാമാരിയെ തുടച്ചു നീക്കാൻ കഴിയില്ലെന്നുമാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്. വൈറസ് നമുക്കൊപ്പം എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പുതിയ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ വിദഗ്ധനായ ആൽബർട്ട് കോ അറിയിച്ചു. കോവിഡ് കാലം തീരുന്നതിനെ കുറിച്ച് ഗൗരവത്തോടെ കാണാത്ത പക്ഷം ഇത് തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കോവിഡ് വൈറസ് കാലങ്ങളോളം നമുക്കൊപ്പം ഉണ്ടാകും. കോവിഡിനെ പൂർണമായി തുടച്ചുനീക്കാൻ സാധിക്കില്ലെന്നും വൈറസ് വ്യാപനത്തെ പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള പദ്ധതികൾക്ക് രൂപം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കോവിഡ് വ്യാപനത്തിൽ ലോകരാഷ്ട്രങ്ങൾക്കെതിരെ വിമർശനവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ മെല്ലപോക്കിനെതിരെയാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022 ൽ തന്നെ കോവിഡ് മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കാം. എന്നാൽ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിർത്തലും അവസാനിച്ചാൽ മാത്രമേ അത് സാധിക്കൂവെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാൽ ഈ ഒറ്റവർഷംകൊണ്ട് കോവിഡിനെ തുടച്ചു നീക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവും ഈ മഹാമാരിയിൽ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകം മഴുവൻ വ്യാപിക്കുകയാണ്. നിരവധി സംവിധാനങ്ങൾ രാഷ്ട്രങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാൻ ആദ്യം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കോട്ടയം: ഓരോ വ്യക്തിക്കും രാജ്യത്ത് തന്റെ വിശ്വാസം ആചരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും അവകാശമുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നിങ്ങളുടെ മതം അനുഷ്ഠിക്കുക, എന്നാൽ മറ്റ് മത വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എഴുത്തുകളും വിദ്വേഷ പ്രസംഗങ്ങളും പാടില്ലെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മറ്റു മതങ്ങളെ പരിഹസിക്കാനും സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളോട് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. വിദ്വേഷ പ്രസംഗങ്ങളും എഴുത്തുകളും സംസ്‌കാരത്തിനും പൈതൃകത്തിനും പാരമ്പര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും ധാർമ്മികതയ്ക്കും എതിരാണെന്ന് ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.

മതനിരപേക്ഷത ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. രാജ്യം അതിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പേരിൽ ലോകമെമ്പാടും ആദരിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മൂല്യസംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ കാതലാണെന്നും അതിനു വ്യാപകപ്രചാരം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയെ സംബന്ധിച്ച് വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ലോകം ഒരൊറ്റ കുടുംബമാണ്. ആ ഊർജ്ജം ഉൾക്കൊണ്ടാകണം നാം മുമ്പോട്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.