ന്യൂഡൽഹി: അഫ്ഗാനിസ്താനിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി സുപ്രീം കോടതി. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടുമാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. എട്ട് ആഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം. സർക്കാർ തീരുമാനത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റ്യൻ ഫ്രാൻസിസ് നൽകിയ ഹർജിയിലാണ് നടപടി.
മറ്റൊരു രാജ്യത്ത് നിന്ന് പൗരമാരെ തിരിച്ചു കൊണ്ടുവരണമെന്നത് സംബന്ധിച്ച തീരുമാനം സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വർ റാവുവിന്റെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിഷയത്തിൽ കോടതിക്ക് പ്രത്യേക നിർദേശം നൽകാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭീകരസംഘടനയായ ഐ.എസിൽ ചേർന്ന ആയിഷയുടെ ഭർത്താവ് 2019-ൽ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യു.എ.പി.എ. നിയമപ്രകാരം ആയിഷയ്ക്കെതിരെ എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എത്തിച്ച ശേഷം ഈ കേസിൽ വിചാരണ നടത്തണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ആയിഷയുടെ പിതാവ് ഹർജി സമർപ്പിച്ചത്.
അതേസമയം ആയിഷയെയും മകളെയും പാർപ്പിച്ചിരുന്ന പുലെ ചർക്കി ജയിൽ താലിബാൻ തകർത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത്ത് മാരാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലുള്ള മേഖലയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നാണ് ലഭിച്ച അനൗദ്യോഗിക വിവരമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

