തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ. ഉദ്യോഗസ്ഥതല സമിതിയാണ് ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തത്, സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലായ് 14 നാണ് എം.ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്പെന്റ്ഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആറ് മാസം കൂടുമ്പോൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പുനഃപരിശോധിക്കുന്ന രീതിയുണ്ട്. എന്നാൽ ശിവശങ്കറിന്റെ സസ്‌പെൻഷൻ രണ്ടുതവണ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു വർഷത്തിലധികമായി ശിവശങ്കർ സസ്‌പെൻഷനിലാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ശുപാർശ നൽകിയത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസാണ് ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസിൽ നിന്നും ഈ കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
ഡിസംബർ 30-നകം വിശദാംശങ്ങൾ നൽകാനാണ് സമിതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഇതുവരെ നൽകിയിട്ടില്ല.

