തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ഒമിക്രോൺ വ്യാപന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനംമെടുത്തത്.
എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ ശക്തിപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ഒമിക്രോൺ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകി. നിലവിൽ വാക്സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.
ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

