ഹൈക്കോടതി നിർദ്ദേശം; ചുരുളി സിനിമ കാണാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: ചുരുളി സിനിമ കാണാനൊരുങ്ങി കേരളാ പോലീസ്. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. തുടർന്നാണ് പോലീസ് ചുരുളി സിനിമ കാണുന്നത്. എഡിജിപി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ.സി.പി എ നസീം എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കാൻ വേണ്ടി സിനിമ കാണുന്നത്.

ചുരുളി സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സമിതിയ്ക്ക് രൂപം നൽകിയത്. ഇവർ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ചുരുളി സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഡിജിപിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തിരുന്നു.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും സിനിമ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടിയത്.

സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് സിനിമ. അതിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല. സംവിധായകന്റെ സൃഷ്ടിയാണ് സിനിമയെന്നും സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ടൈന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതി എങ്ങിനെയാണ് ആവശ്യപ്പെടുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയിൽ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമേ ഹൈക്കോടതിക്ക് പരിശോധിക്കാൻ സാധിക്കുകയുള്ളു. നിലവിൽ അത്തരം കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.