നികുതി അടയ്ക്കുന്നതിൽ ഇളവ് നൽകിയില്ലെങ്കിൽ സർവ്വീസ് അവസാനിപ്പിക്കും; നിലപാട് വ്യക്തമാക്കി സ്വകാര്യ ബസുടമകൾ

കൊച്ചി: നികുതി അടയ്ക്കുന്നതിൽ ഇളവ് നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സർവ്വീസ് അവസാനിപ്പിക്കേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകൾ. 2022 ജനുവരി മുതലുള്ള നികുതി ഫെബ്രുവരി 15നകം അടയ്ക്കണമെന്നുള്ള സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകൾ നികുതി ഇളവ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

2021ലെ അവസാന രണ്ട് തവണത്തെ നികുതി ഒഴിവാക്കുകയോ തവണകളാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായും ഗതാഗത മന്ത്രി ആന്റണി രാജുവുമായും സ്വകാര്യ ബസുടമകൾ പലതവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ ഇതിന് ഫലമുണ്ടായിരുന്നില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റും ജീവനക്കാരുടെ ക്ഷേമഫണ്ടും ഇൻഷ്വറൻസ് തുകയും അറ്റകുറ്റപ്പണിയുമുൾപ്പെടെ ഒരു വണ്ടിക്ക് രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ഒറ്റയടിക്ക് മുടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരുവർഷം നാല് തവണയാണ് നികുതി അടയ്‌ക്കേണ്ടത്.

കോവിഡ് വ്യാപനത്തിന്റെ പസ്ചാത്തലത്തിൽ 2020 ലെ രണ്ടും മൂന്നും തവണകളും 2021 ലെ ആദ്യ രണ്ട് തവണകളും സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. അതേസമയം 2021 ലെ അവസാന രണ്ട് ത്രൈമാസത്തെ നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി കൊണ്ടിരിക്കുകയാണ്. ഒരു തവണ- 19,500 മുതൽ 36,000 രൂപ വരെയാണ് നികുതിയായി അടക്കേണ്ടത്. ഓട്ടോ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് മൂന്നു മാസം കൂടുമ്പോൾ 4,200 രൂപയിലധികം അടക്കണം. ഇത് ബാങ്കിലടച്ച രസീത് സമർപ്പിക്കാതെ നികുതി അടയ്ക്കാനാകില്ല.