പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും. 2022 ലെ പാർലമെന്റ് ബഡ്ജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ എട്ട് വരെ നടത്താൻ തീരുമാനിച്ചു. ഇരു സഭകളുടെയും സാന്നിധ്യത്തിൽ പാർലമെന്റ് സമ്മേളനം ജനുവരി 31 ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഭിസംബോധനയോടെ തുടക്കമാകും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.

പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 11 ന് സമാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലുമാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് പാർലമെന്റ് സമ്മേളനങ്ങളും ചുരുക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനത്തിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 14ന് ആരംഭിക്കും. ഏപ്രിൽ എട്ടിന് സമ്മേളനം അവസാനിപ്പിക്കും.