തൃശൂർ: മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്ന് മുതിർന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി. എല്ലാം അടച്ചിടണം ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ലെന്നും മാസ്‌ക്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതിയെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക അകലം പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലും സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനം ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിലേക്ക് കടക്കുമ്പോൾ കാസർകോട്, തൃശൂർ ജില്ലകളിൽ സിപിഎം സമ്മേളനങ്ങൾ നടക്കുകയാണ്. കാസർകോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തൃശൂരിൽ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് പാർട്ടി ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ സമ്മേളനം നടത്തുമെന്നാണ് സിപിഎം കാസർകോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണൻ അറിയിച്ചത്. ലോക്ക് ഡൗൺ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് വ്യക്തമാക്കിയിട്ടുണ്ട്.

