ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യർക്കിടയിൽ വിഭജനങ്ങൾക്ക് കാരണമായ ജാതിചിന്തകൾക്കും അനാചാരങ്ങൾക്കും വർഗീയവാദങ്ങൾക്കുമെതിരെ അദ്ദേഹം പകർന്ന മാനവികതയുടേയും സാഹോദര്യത്തിന്റേയും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇക്കാര്യത്തിൽ കേരളത്തിനുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും നടപടി തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

