Highlights (Page 9)

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന കെ ബി ഗണേഷ് കുമാറിനായി സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് (ബി). നിലവിൽ നൽകുന്ന വകുപ്പുകൾക്കൊപ്പം സിനിമാ വിഭാഗം കൂടി നൽകണമെന്ന ആവശ്യമാണ് പാർട്ടി മുന്നോട്ടുവെയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് കേരള കോൺഗ്രസ് ബി ഇക്കാര്യം ആവശ്യപ്പെട്ടു.

സജി ചെറിയാനാണ് നിലവിൽ സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സിനിമാ വകുപ്പും കൂടി ലഭിക്കാൻ ഗണേഷ് കുമാർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ഡിസംബർ 29 ന് രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്.

ന്യൂഡൽഹി: സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശവുമായി ഐ ടി മന്ത്രാലയം. ‘ഡീപ്ഫേക്ക്’ വ്യാപമാകുന്ന സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സാമൂഹിക മാധ്യമ കമ്പനികളോട് ഐ ടി മന്ത്രാലയം നിർദ്ദേശിച്ചു.

ഐ ടി നിയമങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തിയാൽ നിയമ പ്രകാരമുള്ള അനന്തര നടപടികളുണ്ടാകുമെന്ന് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഡീപ്‌ഫേക്കുകൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധർ, വ്യവസായ പ്രമുഖർ, എന്നിവരടക്കമുള്ളവരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷമാണ് ഐ ടി മന്ത്രാലയം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം.

പുള്ളിപ്പുലി റോഡിലൂടെ കാടിലേക്ക് കയറി പോകുന്നതാണ് പോലീസുകാർ കണ്ടത്. തുടർന്ന് ഉടൻ തന്നെ പോലീസ് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്തിയില്ല.

സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്നുണ്ട്. ക്രിസ്മസ് അവധി ആയതിനാൽ പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കൂടുതലാണ്. അതിനാൽ തന്നെ വനംവകുപ്പ് ജാഗ്രതയിലാണ്.

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിൽ തിങ്കളാഴ്ച്ച ക്രിസ്മസ് വിരുന്ന്. നാളെ 12.30 നാണ് മോദി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും വിരുന്നിൽ പങ്കെടുക്കും.

കേരളം, മഹാരാഷ്ട്ര, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഭകളിലെ അദ്ധ്യക്ഷന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ സാക്രഡ് ഹാർട്ട് ചർച്ച് സന്ദർശിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദർശനത്തിന് ഡിസംബർ 21 ന് തുടക്കമായിരുന്നു.

കൊച്ചി: പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി നൽകിയ ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ നൽകാൻ ആവശ്യത്തിനു പണമില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. വിധവാ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരിച്ചു.

അതേസമയം, സർക്കാർ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. സർക്കാർ നിലപാട് നിർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്നും. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു.

ക്രിസ്മസ് കാലത്ത് ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാട് ഹൃദയഭേദകമാണ്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാൽ ഇവിടെ ആളുകൾക്കു ജീവിക്കണ്ടേ. ആളുകളുടെ അന്തസ്സിനെപ്പറ്റി സർക്കാർ ഓർക്കണമെന്നും കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി, പ്രതി, സാക്ഷി, ആംആദ്മി പാർട്ടി ദേശീയ കൺവീനർ എന്നിവയിൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തന്നെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യനയ അഴിമതിക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ഇഡി പ്രവർത്തിക്കുന്നത് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യംചെയ്യാനുള്ള നോട്ടിസ് ഉടൻ പിൻവലിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കവേ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കത്തിനു പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്ഷേമ പെൻഷൻ വിഷയത്തിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മറിയക്കുട്ടി നൽകിയ ഹർജിയിൽ നാളെ സർക്കാർ മറുപടി നൽകണമെന്നും പെൻഷൻ നൽകിയേ തീരൂവെന്നും കോടതി വ്യക്തമാക്കി.

പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത്. ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ എന്ന ചോദ്യവും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചു. പെൻഷൻ നൽകാനായില്ലെങ്കിൽ മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചെലവ് ഏറ്റെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽ നിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നതെന്നും പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹർജിയിൽ വ്യക്തമാക്കുന്നു.

മൂന്നു മക്കളാണ് തനിക്കുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചെലവുകൾ നടന്നിരുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണമെന്ന് മറിയക്കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇഡിയുടെ മദ്യനയ അഴിമതി കേസിൽ സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. കെജ്‌രിവാൾ തനിക്ക് അയച്ച സമൻസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

ഇഡി കെജ്‌രിവാളിന് ഇത് രണ്ടാം തവണയാണ് സമൻസ് അയയ്ക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അന്വേഷണ ഏജൻസിക്ക് മുന്നിൽ ഇന്ന് (ഡിസംബർ 21) ഹാജരാകാനാണ് നിർദേശം. ഇതിന് പിന്നാലെയാണ് കെജ്‌രിവാലിൻ്റെ മറുപടി. ആം ആദ്മി പാർട്ടി മേധാവി നിയമപരമായ എല്ലാ സമൻസുകളും സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു.

‘ഇപ്പോഴത്തെ സമൻസ് മുൻകാല സമൻസ് പോലെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. സമൻസ് പിൻവലിക്കണം. താൻ സത്യസന്ധവും സുതാര്യവുമായ ജീവിതം നയിക്കുന്നു. ഒന്നും മറയ്ക്കാനില്ല’- കെജ്‌രിവാൾ പ്രതികരിച്ചു.

തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദേശം നൽകിയിരുന്നു. മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തിൽ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവർത്തനങ്ങൾ നടത്തും. ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകൾ കോവിഡിനായി ജില്ലകൾ മാറ്റിവയ്ക്കണം. ഓക്‌സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ലാൻ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

കോവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം. കോവിഡ് പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്‌ക് ധരിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.

നിലവിലെ ആക്ടീവ് കേസുകളിൽ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാൽ വീടുകളിലാണുള്ളത്. മരണമടഞ്ഞവരിൽ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങൾ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ-1 ഒമിക്രോൺ വേരിയെന്റാണ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു. ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്‌സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബർ 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓൺലൈൻ മോക് ഡ്രിൽ നടത്തി. ഓക്‌സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളുമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, കെഎംഎസ്‌സിഎൽ മാനേജിംഗ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവെലൻസ് ഓഫീസർമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.

ജാതി സെൻസസ് വിഷയത്തിൽ അമിത് ഷായുടെ പ്രസ്താവനയെ തള്ളി ആർഎസ്എസ്. രാജ്യത്തെ അഖണ്ഡതയ്ക്ക് ജാതി സെൻസസ് ഭീഷണിയാകുമെന്ന് ആർഎസ്എസ്. ജാതി സെൻസസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്. ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു.നേട്ടങ്ങളൊന്നും ജാതി സെൻസസിൽ ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ, ഇതിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും മുതിർന്ന ആർ.എസ്.എസ് പ്രചാരക് ശ്രീധർ ഗാഡ്‌ഗെ പറഞ്ഞു.

സംഘടന നിലപാട് വ്യക്തമാക്കിയത് മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലെയും കൗൺസിലിലെയും ബി.ജെ.പി, ശിവസേന (ഷിൻഡെ വിഭാഗം) എം.എൽ.എമാർ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ആർ.എസ്.എസ് ബി.ജെ.പിയുടെയും ശിവസേനയുടെയും നേതാക്കൾ സന്ദർശനം നടത്തുമ്പോൾ ആസ്ഥാനത്തുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആർ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നില്ല.