Highlights (Page 8)

തിരുവനന്തപുരം: ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന സ്വകാര്യ രക്ത ബാങ്കുകൾക്കും ആശുപത്രികൾക്കും പൂട്ടിട്ട് കേന്ദ്ര സർക്കാർ. ഇനി പ്രോസസിംഗ് ഫീസായി 250 മുതൽ പരമാവധി 1550 രൂപ വരെ മാത്രമേ വാങ്ങാനാകൂവെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഡ്രഗ്‌സ് കൺടോൾ ജനറൽ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പതിവായി രക്തം മാറ്റിവയ്ക്കുന്ന തലാസീമിയ, അരിവാൾ രോഗികളും സർജറിക്ക് വിധേയമാകുന്നവർക്കും പുതിയ നടപടി വലിയ ആശ്വാസകരമായിരിക്കും. ചുവന്ന രക്താണുക്കളാണ് വിൽക്കുന്നതെങ്കിൽ 1550 രൂപ ഈടാക്കാം. പ്ലാസ്മയ്ക്കും പ്ലേറ്റ്ലെറ്റിനും ഒരു പായ്ക്കറ്റിന് 250- 400 രൂപയേ വാങ്ങാവൂവെന്നാണ് നിർദ്ദേസം.

അമിത വില ഈടാക്കുന്നില്ലെന്ന ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്കാണ്. പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ കോമൺ ഗ്രൂപ്പിന് 2000 രൂപ മുതൽ 6000 രൂപ വരെ ഈടാക്കുന്നുണ്ട്. അപൂർവ രക്തഗ്രൂപ്പാണെങ്കിൽ 10,000 രൂപ വരെ വാങ്ങും. ഇതിന് പുറമെയാണ് പ്രോസസിംഗ് ഫീസും ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

അഹമ്മദാബാദ്: അഭിമാന നേട്ടവുമായി ഇന്ത്യ. രാജ്യത്തെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തെത്തി. ആദിത്യ എൽ വൺ വിജയകരമായി ഹാലോ ഓർബിറ്റിൽ പ്രവേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചുവെന്നും ശാസ്ത്രജ്ഞരുടെ അർപ്പണ ബോധത്തിന്റെ വിജയമാണ് ഇതെന്നും നരേന്ദ്ര മോദി അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച്ച വൈകിട്ട് നാലു മണിയ്ക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ സൂര്യന്റെ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ച്ത്. ബംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിങ് ആൻഡ് ടെലിമെട്രി നെറ്റ്‌വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ വൺ വിക്ഷേപിച്ചത്. 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് പേടകം ലക്ഷ്യസ്ഥാനത്തെത്തുന്നത്. ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഏഴ് പേ ലോഡുകളാണ്. ഇതിൽ ഒന്നാമത്തേത് സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്. പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപകരണം. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS തുടങ്ങിയവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനീകാന്ത് പങ്കെടുക്കും. ജനുവരി 21 ന് രജനീകാന്ത് അയോധ്യയിലേക്ക് പുറപ്പെടും. ഭാര്യയും സഹോദരനും രജനീകാന്തിനൊപ്പം ഉണ്ടാകും.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ രജനീകാന്തിന് കൈമാറിയിരുന്നു. ബിജെപി നേതാവ് അർജുനമൂർത്തി രജനീകാന്തിന്റെ വസതിയിൽ എത്തിയാണ് ക്ഷണക്കത്ത് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ അർജുനമൂർത്തി സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇന്നത്തെ സംഭവം തന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചുവെന്ന് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അതേസമയം, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, പ്രമുഖ സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി, നിർമ്മാതാവ് മഹാവീർ ജെയിൻ, ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയ നിരവധി താരങ്ങൾക്ക് അയോദ്ധ്യയിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകി. പരീക്ഷ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമമായും നടത്താനാണ് ഈ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാളപ്പെടുത്തൽ, മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകൾ പരിഗണിച്ച് പരീക്ഷ ഓൺലൈനായി നടത്താനുള്ള നിർദ്ദേശം പ്രവേശന പരീക്ഷാ കമ്മീഷണർ സർക്കാരിന്റെ പരിഗണനക്ക് സമർപ്പിച്ചിരുന്നു.

എൻജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകൾ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പര് ഉണ്ടാകുക, പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. കാര്യക്ഷമത, വഴക്കം, കുറഞ്ഞ പേപ്പർ ഉപഭോഗം, കാര്യക്ഷമമായ മൂല്യനിർണ്ണയം, വേഗത്തിലുള്ള ഫല പ്രോസസിങ് എന്നിവയുൾപ്പെടെ നേട്ടങ്ങൾ സി.ബി.ടി മോഡിനുള്ളതായും ശുപാർശ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ശുപാർശകൾ പരിഗണിച്ച് പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ അനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവാണ് മന്ത്രിസഭായോഗം സാധൂകരിച്ചത്.

തിരുവനന്തപുരം: സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമർശം വിവാദമായ സാഹചര്യത്തിൽ സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ വിയോജിപ്പു പറയാമെന്നും എന്നാൽ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതമേലധ്യക്ഷന്മാർ ചെയ്യുന്ന കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കു പല അഭിപ്രായങ്ങളുമുണ്ടാകും. അഭിപ്രായങ്ങൾ പറയാം. അതിന് ആർക്കും വിരോധമില്ല. പക്ഷേ അപഹസിക്കുന്നതു മോശമാണെന്നും മതമേലധ്യക്ഷന്മാർക്കു വിഷമം ഉണ്ടാക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി അയോധ്യ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന സന്ദർഭമാണിത്. ആരാധനയും മറ്റു കാര്യങ്ങളും എല്ലാവരും ബഹുമാനിക്കുന്നു. എന്നാൽ അതിനെ രാഷ്ട്രീയവത്കരിച്ചു തിരഞ്ഞെടുപ്പ് സ്റ്റണ്ടാക്കി മാറ്റുന്നതിനെയാണു മതേതര കക്ഷികൾ എതിർക്കുന്നത്. കോൺഗ്രസും എല്ലാ മതേതര കക്ഷികളും അതിനോട് വിയോജിപ്പ് അറിയിക്കുന്നുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസ് സിബിഐ അവസാനിപ്പിച്ചു. കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് നൽകി. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്. ജെസ്നയെ കണ്ടെത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടെയാണ് സിബിഐയുടെ നടപടി.

രാജ്യത്തിനകത്തും പുറത്തും ജെസ്നയ്ക്കായി അന്വേഷണം നടന്നിരുന്നു. മൂന്ന് വർഷത്തോളമായി സിബിഐ ഈ കേസ് അന്വേഷിക്കുകയാണ്. കോടതിയുടെ നിലപാടായിരിക്കും കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിർണായകമാകുന്നത്. മുൻപ് രണ്ടുപേരെ കേസുമായി ബന്ധപ്പെട്ട് സിബിഐ നുണപരിശോധനയക്ക് വിധേയമാക്കിയിരുന്നു.

പോലീസും ക്രൈംബ്രാഞ്ചും കേസിൽ അന്വേഷണം നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും താമസിക്കുന്ന സ്ഥലം കണ്ടെത്തിയെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറത്ത് മറ്റൊരു സ്ഥലത്തായതിനാൽ കോവിഡ് കാരണം യാത്ര സാധ്യമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, തുടർന്നും കേസ് മുന്നോട്ട് പോകാത്ത സാഹചര്യത്തിലായിരുന്നു കുടുംബം സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്. കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ജെസ്ന മരിയ ജയിംസ്. 2018 മാർച്ച് 22-നാണ് ജെസ്‌നയെ കാണാതാവുന്നത്.

സർവകലാശാലകൾ ഒരോ രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവകലാശാലകൾ സാമൂഹിക നീതി ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രണ്ടുപേരും തമിഴ് നാട് തിരുച്ചിറപ്പള്ളിയിൽ ഭാരതീദാസൻ സർവകലാശാല ബിദുരദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയെ വേദിയിലിരുത്തി തമിഴ്‌നാടിന്റെ ദ്രാവിഡ മാതൃക വിദ്യഭ്യാസത്തിന് നൽകുന്ന പ്രാധാന്യത്തെ കുറിച്ചും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അക്കമിട്ടു നിരത്തി.

രാജ്യത്തെ വികസന പ്രവർത്തനങ്ങളും വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റവും മോദിയും വിശദീകരിച്ചു. തുടർന്ന്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നടത്തിയ ചടങ്ങിൽ 20,140 കോടി രൂപയുടെ വികസന പദ്ധതികൾ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തമിഴ് നാടിനൊപ്പം പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളുടെ പൂർത്തീകരണം, കൂടുതൽ വിദേശ വിമാന സർവീസുകൾ, മെട്രോ റെയിലിന് രണ്ടാം ഘട്ട തുക, പ്രളയദുരിതാശ്വാസം എന്നിവയിൽ വേഗത്തിൽ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായിചർച്ച നടത്തും. മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഇന്ന് നരേന്ദ്രമോദിയെ കണ്ടേക്കും.

തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ കെ-സ്മാർട്ട് വഴിയൊരുക്കും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർക്ക് പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകളുപയോഗിച്ചത് വേറിട്ടൊരു അനുഭവമായിരുന്നു.

നൂതന സാങ്കേതികവിദ്യാ രംഗത്ത് എന്നും രാജ്യത്തിന് വഴികാട്ടിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കമാവുന്നത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ഇതിനെല്ലാം പുറമെ 900ത്തോളം സേവനങ്ങൾ ഓൺലൈനാക്കിയതും എം-സേവനം എന്ന പേരിൽ പ്രത്യേക ആപ്പ് പുറത്തിറക്കിയതുമെല്ലാം സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിൽ നമുക്ക് നല്ലരീതിയിൽ കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ്. ആ നിരയിലെ മറ്റൊരു മുൻകൈയാണ് കെ-സ്മാർട്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കെ-ഫോൺ പദ്ധതി നാട്ടിൽ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനു പുറമെ പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവിൽ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകൾ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തിൽ ഇന്റർനെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ജനങ്ങൾക്ക് പ്രയാസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കണം. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണ തന്നെ പറയാനാകണം. അപേക്ഷകർ അനാവശ്യമായി പിഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. പുതിയ സംവിധാനത്തോടെ ഇതിനൊക്കെ വലിയ തോതിൽ പരിഹാരം കാണാനാകുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വർഷം സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം നടപ്പാക്കി. 250 സേവനങ്ങളാണ് ഇതുവഴി ഓൺലൈനായി ലഭിക്കുക. ഫയലിന്റെ സ്ഥിതി അപ്പപ്പോൾ ഓൺലൈനായി അറിയാൻ കഴിയും. ഓരോ അപേക്ഷയോടുമൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയെന്നും മനസ്സിലാക്കാൻ കഴിയും. ആരോഗ്യരംഗത്തും ഇ-ഗവേർണൻസിന്റെ ഭാഗമായിട്ടുള്ള നവീകരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി ഇ-ഹെൽത്ത് പദ്ധതി ആവിഷ്‌ക്കരിച്ചു. ഒരാൾക്ക് ഒരു ഹെൽത്ത് കാർഡ്, ഓൺലൈൻ അപ്പോയ്ന്റ്മെന്റ്, ടെലി മെഡിസിൻ സംവിധാനം എന്നിവ ഇ-ഹെൽത്ത് മുഖേന നടപ്പാക്കും. 509 ആശുപത്രികളിൽ ഇത് നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ വൈകാതെ തന്നെ ഈ സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂ ഇയർ വിപണിയിലെ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

അൽ-ഫാം, തന്തൂരി ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ഷവായ് തുടങ്ങിയ ഭക്ഷണങ്ങൾ വിൽക്കുന്ന കടകളിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 75 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 19 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കയച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ തുടർ നടപടി സ്വീകരിക്കും. വീഴ്ചകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. 49 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 74 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി.

ദക്ഷിണ മധ്യമേഖലകളിലെ പരിശോധനകൾക്ക് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി എസ്. എന്നിവരും ഉത്തര മേഖലയിലെ പരിശോധനകൾക്ക് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈൻ, ഭക്ഷ്യ സുരക്ഷാ ഓഫീസർ ജോസഫ് കുര്യാക്കോസ് എന്നിവരും നേതൃത്വം നൽകി.

ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനകളും നടക്കുന്നു. കേക്ക്, വൈൻ, ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധന. ഈ സീസണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നു.

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 100 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയി്ച്ചത്. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. വാർത്താ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

12.5 ലക്ഷത്തോളം പേർക്കാണ് പദ്ധതിയിലൂടെ മികച്ച ചികിത്സ ലഭ്യമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ 41.96 ലക്ഷം കുടുംബങ്ങൾ കാസ്പ് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കുടുംബത്തിന് ആശുപത്രി ചികിത്സക്കായി പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് നൽകുന്നത്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിന് അർഹതയുണ്ട്. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാ സഹായം ലഭ്യമാകും.