തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന കെ ബി ഗണേഷ് കുമാറിനായി സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് (ബി). നിലവിൽ നൽകുന്ന വകുപ്പുകൾക്കൊപ്പം സിനിമാ വിഭാഗം കൂടി നൽകണമെന്ന ആവശ്യമാണ് പാർട്ടി മുന്നോട്ടുവെയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് കേരള കോൺഗ്രസ് ബി ഇക്കാര്യം ആവശ്യപ്പെട്ടു.
സജി ചെറിയാനാണ് നിലവിൽ സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സിനിമാ വകുപ്പും കൂടി ലഭിക്കാൻ ഗണേഷ് കുമാർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ഡിസംബർ 29 ന് രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്.

