ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി, പ്രതി, സാക്ഷി, ആംആദ്മി പാർട്ടി ദേശീയ കൺവീനർ എന്നിവയിൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തന്നെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യനയ അഴിമതിക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
ഇഡി പ്രവർത്തിക്കുന്നത് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യംചെയ്യാനുള്ള നോട്ടിസ് ഉടൻ പിൻവലിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കവേ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കത്തിനു പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

