Highlights (Page 10)

വാരണാസി: സർക്കാർ പദ്ധതികളുടെ ഗുണത്തെക്കുറിച്ചും സ്ത്രീശാക്തീകരികണത്തെക്കുറിച്ചും യുവതി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ സേവാപുരി ഡെവലപ്മെന്റ് ബ്ലോക്കിൽ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കവെയാണ് പ്രധാനമന്ത്രി യുവതിയുടെ പ്രസംഗത്തെ പ്രശംസിച്ച് സംസാരിച്ചത്. ബർകി ഗ്രാമത്തിൽ നിന്നുള്ള ചന്ദാ ദേവിയെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.

ഗ്രാമത്തിലെ ‘രാധാ മഹിളാ സഹായത’ സ്വയം സഹായ സംഘത്തിലെ അംഗമാണ് ചന്ദാ ദേവി. ‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഗുണഭോക്താവാണ് ചന്ദാ ദേവി. പദ്ധതിയെക്കുറിച്ചും അത് സ്ത്രീശാക്തീകരണത്തെ എങ്ങനെ സഹായിക്കുന്നുവെന്നതിനെ കുറിച്ചുമാണ് പ്രസംഗത്തിൽ ചന്ദാ ദേവി വിശദമാക്കിയത്. എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നും പ്രസംഗം കേട്ട പ്രധാനമന്ത്രി ചോദിച്ചു.

പദ്ധതിയിലൂടെ 15,000 രൂപയുടെ പ്രാരംഭ വായ്പയാണ് ചന്ദാ ദേവി എടുത്ത്. ഇത് വെച്ച് ഇവർ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിച്ചു. ഇത് എങ്ങനെയാണ് തനിക്ക് സാധ്യമായതെന്നും സാമ്പത്തിക പരാധീനതയിൽ കഴിഞ്ഞരുന്ന കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടത് എങ്ങനെയെന്നും യുവതി പ്രസംഗത്തിൽ പറഞ്ഞിരുന്നു. സ്വയം പര്യാപ്തത കൈവരിക്കുന്നതിനും തന്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ മാറ്റുന്നതിനും സംരംഭം എങ്ങനെ സഹായകരമായെന്നും യുവതി വിശദീകരിച്ചു.

പ്രതിപക്ഷം ഇന്നും പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധം തുടരും. കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനം ശക്തമാണ്. പ്രതിപക്ഷ ആവശ്യം സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ വിശദീകരണം നല്‍കണമെന്നും പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നുമാണ്.

സര്‍ക്കാരിന്റെ നിലപാട് വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടെന്നും ലോക്‌സഭാ സെക്രട്ടറിയേറ്റിനാണ് ഉത്തരവാദിത്തമെന്നുമാണ്. പോസ്റ്റ് ഓഫീസ് ബില്‍ പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കിയതിലൂടെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. സഭയ്ക്ക് പുറത്ത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനിരയിലെ 46 അംഗങ്ങള്‍ ലോക്‌സഭയിലും 45 അംഗങ്ങള്‍ രാജ്യസഭയിലും സസ്‌പെന്‍ഷനിലാണ്.

യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്.കോഴിക്കോട്, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി. കേരളത്തിലെ ആദ്യ പത്തിലുള്ള ഏക നഗരവും കോഴിക്കോടാണ്. കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ്. വിവരം പുറത്ത് വിട്ടത് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയാണ് .

ഈ പട്ടിക നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എൻ.സി.ആർ.ബി തയ്യാറാക്കുന്നത്. ഇതിന് അടിസ്ഥാനമാക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമവും മറ്റ് പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് . ദക്ഷിണേന്ത്യയിലാണ് ആദ്യ പത്തു സുരക്ഷിത നഗരങ്ങളിൽ പകുതിയും.പട്ടികയിൽ ഒന്നാം സ്ഥാനത്ത് കൊൽക്കത്തയാണ്. രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്പത്തൂരുമാണ്. ചരിത്ര നഗരമായ കോഴിക്കോടിന് യുനസ്‌കോയുടെ സാഹിത്യ നഗരമെന്ന പദവി ലഭിച്ചത് കോഴിക്കോട് കോർപ്പറേഷന്റെ 61 പിറന്നാൾ ദിവസമായ കേരള പിറവി ദിനത്തിലാണ്.

കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 ശക്തിപ്രാപിപ്പിക്കുന്നു. ആദ്യമായാണ് ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത്.ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ്. ഇത് വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് കാരണമാകും.

നിലവിൽ വലിയ വർദ്ധനവാണ് സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ. ആശുപത്രികളിൽ ദിവസേന 10,000ലധികം പേർ ചികിത്സ തേടുന്നു. ഇതിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികളാണ് പ്രതികൾ തയ്യാറാക്കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്വയം തീകൊളുത്താനായിരുന്നു ആദ്യം ഇവർ പദ്ധതിയിട്ടിരുന്നത്. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാൽ ദേഹത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാലാണ് പ്രതികൾ ഈ പദ്ധതി ഉപേക്ഷിച്ചത്.

തുടർന്ന് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കുകയായിരുന്നു. പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്.

പാർലമെന്റ് അതിക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനാണെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമം നടന്നു. കേസിൽ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു.

കൊല്ലം: കൊല്ലം തേവലക്കരയിൽ വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും അവരോട് മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു. ഏലിയാമ്മ എന്ന വയോധികയ്ക്ക് സ്വന്തം വീട്ടിൽ വെച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിലാണ് അടിയന്തിര നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.

വയോജനങ്ങൾക്കെതിരായ അതിക്രമസംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ല എന്നത് ഈ സർക്കാരിന്റെ ഉറച്ച നിലപാടാണ്. ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ മറ്റു തുടർനടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് അറിയിച്ചു. സന്ദർ‍ശനത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ ചർച്ച ചെയ്യും.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളുംദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എല്ലാ എൻ.ഡി.എ. പ്രവർത്തകരും പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി ഇറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ തീരുമാനമായിരുന്നു.

ജയ്പുർ: രാജസ്ഥാനിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. ഭജൻ ലാൽ ശർമയെയാണ് ബിജെപി രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ആദ്യ തവണയാണ് അദ്ദേഹം എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്.

ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവായ ഭജൻലാൽ ശർമ സംഘടനാ രംഗത്ത് പ്രമുഖനാണ്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും ആർഎസ്എസ് നേതൃത്വുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സംഗനേറിൽ കോൺഗ്രസ് സ്ഥാനാർഥിയെ 48081 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭജൻ ലാൽ രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ദിയാകുമാരി, പ്രേംചന്ദ് ഭൈരവ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തു. ജയ്പുർ നഗരത്തിൽത്തന്നെയുള്ള വിധാധർ മണ്ഡത്തിൽ നിന്നാണ് ദിയാകുമാരി തിരഞ്ഞെടുക്കപ്പെട്ടത്.

കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ചെരിപ്പെറിഞ്ഞെന്ന കേസിലാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്.

ഷൂ ഏറ് നടത്തിയ സംഭവത്തിലെ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്ത സംഭവത്തിലായിരുന്നു കോടതി വിമർശനം നടത്തിയത്. പോലീസ് മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരെന്നും ജനങ്ങളേക്കൂടി സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പെരുമ്പാവൂരിൽ നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പോലീസിനെ കോടതി വിമർശിച്ചത്.

ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പ്രതികൾക്കെതിരേ ചുമത്തിയ 308 വകുപ്പ് എങ്ങനെ നിലനിൽക്കുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ബസിനു നേരെ എറിയുന്ന ഷൂ ബസിനകത്തേക്ക് കടക്കില്ലല്ലോയെന്നും പിന്നെങ്ങനെ ഈ വകുപ്പ് ചേർത്ത് കേസെടുക്കാനാകും. സംഭവം നടക്കുമ്പോൾ പോലീസ് അവിടെയുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് മർദനമേറ്റവരെ സംരക്ഷിക്കേണ്ട ചുമതല പോലീസിനില്ലേയെന്നും എങ്ങനെയാണ് ഇത്തരത്തിൽ ഇരട്ടനീതി നടപ്പാക്കാൻ സാധിക്കുന്നതെന്നും കോടതി വിമർശിച്ചു. പ്രതികളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നും പോലീസിനോട് കോടതി ചോദിക്കുന്നു.

അതേസമയം, നവകേരള സദസ്സിന്റെ സംഘാടകരും ഡിവൈഎഫ്ഐക്കാരും അടക്കമുള്ളവർ ചേർന്ന് തങ്ങളെ മർദിച്ചതായി കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ കോടതിയെ അറിയിച്ചു. കേസിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരേ വിശദമായ പരാതി എഴുതിനൽകണമെന്നാണ് പ്രതികൾക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം: നവകേരള സദസ്സ് നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പരിപാടിയാണെന്നും നവകേരള ബസ്സിന് നേരെ ഏറിനൊക്കെ പുറപ്പെട്ടാൽ അതിന്റേതായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പൊ പിന്നെ വിലപിച്ചിട്ട് കാര്യമില്ല. ഇത്തരം ഗൂഢനീക്കങ്ങൾ നാടിനോടുള്ള വെല്ലുവിളിയാണെന്ന് ഇക്കൂട്ടർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസിനു നേരെ വ്യാപകമായ തരത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. കരിങ്കൊടി കാണിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സദസ് ആരംഭിച്ചപ്പോൾ മുതലുണ്ട്. എന്നാൽ ഇന്ന് ബസിന് നേരെ ഏറ് ഉണ്ടാകുന്ന തരത്തിലേക്കാണ് ആക്രമണങ്ങളുടെ ഗതി മാറി. നവകേരള സദസ് എന്താണെന്ന് മനസിലാക്കിയാണ് പതിനായിരങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇത് ചിലരെ വല്ലാതെ പ്രശ്‌നത്തിലാക്കുന്നു. അതിന്റെ ഫലമായാണ് കരിങ്കൊടി വീശുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ. എന്നാൽ നാട്ടുകാർ ഇതിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇന്നും ബസിനു നേരെ ഏറ് ഉണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്ന് മനസിലാകുന്നില്ല. നാട്ടുകാർ നല്ല രീതിയിൽ സംയമനം പാലിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നാൽ സ്വാഭാവികമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുറച്ചു പേർക്ക് വേണ്ടി മാത്രമായി നടത്തുന്ന പരിപാടിയല്ല ഇത്. എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. അക്രമങ്ങൾ നടത്തുന്നവർ അതുകൂടി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.