തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്ഷേമ പെൻഷൻ വിഷയത്തിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മറിയക്കുട്ടി നൽകിയ ഹർജിയിൽ നാളെ സർക്കാർ മറുപടി നൽകണമെന്നും പെൻഷൻ നൽകിയേ തീരൂവെന്നും കോടതി വ്യക്തമാക്കി.
പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത്. ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ എന്ന ചോദ്യവും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചു. പെൻഷൻ നൽകാനായില്ലെങ്കിൽ മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചെലവ് ഏറ്റെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽ നിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നതെന്നും പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹർജിയിൽ വ്യക്തമാക്കുന്നു.
മൂന്നു മക്കളാണ് തനിക്കുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചെലവുകൾ നടന്നിരുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണമെന്ന് മറിയക്കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

