കൊച്ചി: ബസുകളിലെ പരസ്യം നീക്കം ചെയ്യണമെന്ന നിർദ്ദേശത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് കെഎസ്ആർടിസി. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ കേസെടുത്തിരുന്നു. ഈ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് കെഎസ്ആർടിസി മാനേജ്മെന്റ് കോടതി ഡിവിഷൻ ബെഞ്ചിന് മുൻപാകെ സമയം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളിൽ പൊതു-സ്വകാര്യമേഖല വ്യത്യാസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, കെഎസ്ആർടിസിക്ക് നിയമപരമായ അനുമതി ഉണ്ടെന്ന് കേസ് പരിഗണിക്കവേ സർക്കാർ അറിയിച്ചിരുന്നു. പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത്. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടത്തിലുള്ള കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. വിഷയത്തിൽ കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്നാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചിരുന്ന ആവശ്യം. ഒക്ടോബർ 7 മുതൽ 16 വരെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.
പരിശോധനയിൽ 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് എംവിഡി കോടതിയെ അറിയിച്ചു. 14 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

