സംസ്ഥാന സര്ക്കാരിന്റെ ഓണ്ലൈന് ടാക്സി സര്വീസായ കേരള സവാരി തിരുവനന്തപുരം നഗരത്തില് മാത്രമാണ് നിലവില് സര്വീസ് നടത്തുന്നത്. നഗരത്തിലെ 639 ഓട്ടോ, ടാക്സി ഡ്രൈവര്മാരാണ് ഇതുവരെ രജിസ്റ്റര് ചെയ്തത്. 9643 പേര് ഇതുവരെ കേരള സവാരി ഡൗണ്ലോഡ് ചെയ്തു കഴിഞ്ഞു. സര്ക്കാര് നിശ്ചയിച്ച ഓട്ടോ, ടാക്സി നിരക്കുകളാണ് ഇതിന് ബാധകമാവുക. ഇതിനൊപ്പം എട്ട് ശതമാനം സര്വീസ് ചാര്ജും ചേര്ത്തുള്ള കൂലിയായിരിക്കും ഈടാക്കുക. അതിനാല് അമിതനിരക്ക് നല്കേണ്ടിവരില്ല. നിരക്കിന്റെ നൂറുശതമാനവും ഡ്രൈവര്മാര്ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കേരള സവാരിയില് 8.5 കിലോമീറ്ററാണ് നഗരപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. പോലീസിന്റെ സ്വഭാവ സര്ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്മാര് മാത്രമാണ് കേരള സവാരിയുടെ ഭാഗമാകുന്നതും. സുരക്ഷയ്ക്കായി ആപ്പില് പാനിക് ബട്ടണ് ഉണ്ട്. പോലീസ്, ആംബുലന്സ് സഹായവും ആപ്പിലൂടെ ലഭിക്കും. ജി.പി.എസ്. സംവിധാനവും ഉടന്തന്നെ ഈ ടാക്സി സര്വീസിന്റെ ഭാഗമാകും.
അതേസമയം, കൂടുതല് ആളുകള് ആപ്പ് ഡൗണ്ലോഡ് ചെയ്ത് കേരള സവാരിയുടെ സേവനം തേടുന്നതോടെ എവിടെയും വാഹനങ്ങള് ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിരക്ക് കുറക്കാന് സര്ക്കാര് നടപടിയെടുക്കുന്നതോടെ കൂടുതല് പേര് കേരള സവാരിയുടെ ഭാഗമാകും. കേരള സവാരിയില് രജിസ്റ്റര് ചെയ്യുന്നവര്ക്ക് ഇന്ഷുറന്സ്, സ്പെയര് പാര്ട്സ് എന്നിവയ്ക്ക് ഇളവുകള് അനുവദിക്കാന് സര്ക്കാര് നീക്കമുണ്ടാകും. ടയര്, ബാറ്ററി, ഓയില് കമ്പനികളുമായി ചര്ച്ച നടത്തി ഇളവുകള് നല്കാനാണ് നീക്കം. മോട്ടോര് തൊഴിലാളി ക്ഷേമനിധി ബോര്ഡിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പാലക്കാട്ടെ ഇന്ത്യന് ടെലഫോണ് ഇന്ഡസ്ട്രീസാണ് (ഐ.ടി.ഐ.) സാങ്കേതിക സഹായം നല്കുന്നത്. ഡ്രൈവര്മാര്ക്ക് പ്ലേ സ്റ്റോര് വഴി രജിസ്റ്റര് ചെയ്യാം. കേരള സവാരി ഡ്രൈവര് ആപ്പ് ഡൗണ്ലോഡ് ചെയ്ത് മൊബൈല് നമ്പര് ഉപയോഗിച്ച് രജിസ്റ്റര് ചെയ്ത ശേഷം വാഹനത്തിന്റെ രേഖകള്, ഡ്രൈവിങ് ലൈസന്സ് എന്നിവ അപ് ലോഡ് ചെയ്യണം. യാത്രക്കാര് കേരള സവാരി എന്ന ആപ്പാണ് ഡൗണ്ലോഡ് ചെയ്യേണ്ടത്. ഫോണ്: 9072272208.

