കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര നൽകുന്നത്; ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര നൽകുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണം സൗജന്യ യാത്രാ പാസെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എംപിമാരും, എംഎൽഎമാരും അടക്കമുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നതെന്നാണ് കോടതി ഉന്നയിക്കുന്ന ചോദ്യം. മുൻ എംപിമാരും, എംഎൽഎമാരും അടക്കം ഉള്ളവർക്ക് ജീവിത അവസാനം വരെ കെഎസ്ആർടിസിയിൽ സൗജന്യ യാത്രയാണ് നൽകുന്നത്. ഇത് എങ്ങനെ നീതികരിക്കുമെന്നും കോടതി ചോദിക്കുന്നു.

ദിവ്യാംഗനർ ഉൾപ്പെടെയുള്ളവർക്കായിരിക്കണം സൗജന്യയാത്ര നൽകേണ്ടത്. വിദ്യാർത്ഥികൾ അടക്കം അർഹരായവരിലേക്ക് സൗജന്യയാത്ര ചുരുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.