ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്നും കൊവിഡ് വ്യാപനം കാരണം പകുതിയിലധികം കടകള്‍ അടഞ്ഞു കിടക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഭരണകൂടം പിന്‍വലിച്ചതിന് പിന്നാലെയാണ് ഇവിടെ വീണ്ടും കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രതിരോധ കുത്തിവെയ്പ്പുകളോ മറ്റ് ചികിത്സകളോ നല്‍കാതെ ജനങ്ങളെ വീടുകളില്‍ അടച്ചിടുന്ന നയമാണ് ചൈന പിന്തുടരുന്നത്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ അംഗീകരിച്ച ഫലപ്രദമായ വാക്സിനുകളല്ലാതെ സ്വയം നിര്‍മ്മിച്ച വാക്സിനുകളാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നാണ് വിവരം. എന്നാല്‍, നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും സുരക്ഷിതമായ ചികിത്സാ രീതികളാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരുക്കേണ്ടത് എന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി കൊറോണ പ്രതിരോധം എന്ന പേരില്‍ ചൈന നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് വൈറസിനെ ഇല്ലാതാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചപ്പോള്‍ വീണ്ടും രാജ്യത്ത് രോഗവ്യാപനം രൂക്ഷമാവുകയാണ്. രോഗബാധയെ തുടര്‍ന്ന് ആളുകള്‍ ഇന്നും ക്വാറന്റൈനിലാണ്. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.
കൊറോണയുടെ മറ്റൊരു വകഭേദമായ ഒമിക്രോണ്‍ ചൈനയില്‍ പടര്‍ന്നുപിടിക്കുമെന്നും ഒരാളില്‍ നിന്ന് 18 പേരിലേക്ക് വരെ ഇത് പകരാമെന്നും പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റായ സോങ് നാന്‍ഷാന്‍ പറഞ്ഞു. പ്രമുഖ നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇന്ന് രോഗബാധിതരായിരിക്കുന്നത്. ശനിയാഴ്ച ബെയ്ജിംഗില്‍ 1,661 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

