Highlights (Page 72)

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതൽ മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്. അനസ്തീഷ്യ, കാർഡിയോളജി, ഇഎൻടി., ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കും. അടുത്തിടെ വിവിധ ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപ, 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് 1.99 കോടി, ട്രൈബൽ മേഖലയിലെ ആശുപത്രികളുടെ വികസനത്തിന് 11.78 കോടി എന്നിങ്ങനെ അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് ആശുപത്രികളുടെ വികസനത്തിന് ഇത്രയും തുക അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ ആശുപത്രികളിൽ അഞ്ച് അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, ഒരു ഡിഫിബ്രിലറേറ്റർ, രണ്ട് കാർഡിയാക് ഔട്ട്പുട്ട് മോണിറ്റർ, 12 ഡിഫിബ്രിലറേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 20 ഫ്‌ളൂയിഡ് വാമർ, നാല് മൾട്ടിപാരാമീറ്റർ മോണിറ്റർ വിത്ത് കാപ്‌നോഗ്രാം, മൂന്ന് പെരിഫെറൽ നെർവ് സ്റ്റിമുലേറ്റർ, ആറ് വീഡിയോ ലാരിഗ്‌നോസ്‌കോപ്പ്, കാർഡിയോളജി വിഭാഗത്തിൽ രണ്ട് പന്ത്രണ്ട് ചാനൽ ഇസിജി മെഷീൻ, മൂന്ന് ചാനൽ ഇസിജി മെഷീൻ, ഇ.എൻ.ടി. വിഭാഗത്തിൽ അഞ്ച് ഇ.എൻ.ടി. ടേബിൾ, അഞ്ച് ഫ്‌ളക്‌സിബിൾ നാസോ ഫാരിഗ്നോലാരിഗ്നോസ്‌കോപ്പ്, അഞ്ച് ഇ.എൻ.ടി. ഒപി ഹെഡ് ലൈറ്റ്, അഞ്ച് ഇ.എൻ.ടി. ഓപ്പറേഷൻ തീയറ്റർ ഹെഡ് ലൈറ്റ്, മൂന്ന് മൈക്രോ ലാരിഗ്നൽ സർജറി സെറ്റ്, മൂന്ന് മൈക്രോഡ്രിൽ, രണ്ട് മൈക്രോമോട്ടോർ, അഞ്ച് ടോൻസിലക്ടമി സെറ്റ്, ജനറൽ മെഡിസിൻ വിഭാഗത്തിൽ ആറ് ഡിഫിബ്രിലറേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 58 ക്രാഷ് കാർട്ട്, 52 ഇൻഫ്യൂഷൻ പമ്പ്, 35 മൾട്ടിപാര മോണിറ്റർ തുടങ്ങിവയ്ക്ക് തുകയനുവദിച്ചുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഐസിയു വിഭാഗത്തിൽ 11 ഐസിയു കിടക്കകൾ, 21 ഓവർ ബെഡ് ടേബിൾ, 20 സിറിഞ്ച് പമ്പ്, ലബോറട്ടറികളിൽ അഞ്ച് ബൈനോക്യുലർ മൈക്രോസ്‌കോപ്പ്, 10 സെൻട്രിഫ്യൂജ്, എട്ട് ഇലക്ടോലൈറ്റ് അനലൈസർ, മൂന്ന് എലിസ റീഡർ, ഒരു സെമി ആട്ടോ ബയോകെമിസ്ട്രി അനലൈസർ, രണ്ട് വിഡിആർഎൽ റൊട്ടേറ്റർ, 25 യൂറിൻ അനലൈസർ, ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ രണ്ട് സി ആം, അഞ്ച് ഹെമി ആർത്തോപ്ലാസ്റ്റി ഇൻസ്ട്രംനേഷനൽ സെറ്റ്, നാല് ഓപ്പറേഷൻ ടേബിൾ, പീഡിയാട്രിക് വിഭാഗത്തിൽ രണ്ട് നിയോനറ്റൽ റിസ്യുക്‌സിറ്റേഷൻ യൂണിറ്റ്, രണ്ട് ഫോട്ടോതെറാപ്പി, ഏഴ് സക്ഷൻ ലോ പ്രഷർ, ആറ് വാമർ ബേബി എന്നിവയ്ക്കും തുകയനുവദിച്ചിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാജ്യാന്തര മേളയില്‍ മത്സര ചിത്രങ്ങളടക്കം ഇന്ന് അറുപത്തിയേഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിന്റെ കേരളത്തിലെ ആദ്യപ്രദര്‍ശനവും ഇന്ന് നടക്കും.

ഇന്ത്യയുടെ ഓസ്‌കര്‍ ചിത്രം ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് മേളയിലേത്. പ്രതാപ് പോത്തന്‍ നായകനായ കാഫിര്‍, ഇറാനില്‍ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്‌സ് , വീറ്റ് ഹെല്‍മര്‍ ചിത്രം ദി ബ്രാ ,റഷ്യന്‍ ചിത്രം ബ്രാറ്റന്‍, ദി ബ്ലൂ കഫ്താന്‍, പ്രിസണ്‍ 77, യു ഹാവ് ടു കം ആന്‍ഡ് സീ ഇറ്റ്, ദി ഫോര്‍ വാള്‍സ്, കൊര്‍സാജ്, ട്രോപിക് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവു ഇന്നുണ്ടാകും. മുര്‍ണോവിന്റെ നോസ്ഫെറാറ്റു വൈകിട്ട് ടാഗോറില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

മത്സര വിഭാഗത്തിലെ ക്ലൊണ്ടൈക്ക്, ഹൂപ്പോ, അറിയിപ്പ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ന് നടക്കും. സാമ്ബത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്, 1977 ല്‍ ബാഴ്‌സലോണയിലെ ജയിലില്‍ നടന്ന സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ സ്പാനിഷ് ത്രില്ലര്‍ ചിത്രം പ്രിസണ്‍ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ ഉടമയെ അന്വേഷിച്ചുള്ള ട്രെയിന്‍ ഡ്രൈവറുടെ യാത്ര പ്രമേയമാക്കിയ ഡച്ച് ട്രാജിക് കോമഡി ചിത്രം ദി ബ്രാ എന്നിവ ഇന്ന് നിശാഗന്ധിയില്‍ ഓപ്പണ്‍ പ്രദര്‍ശനത്തിനെത്തും.

രാജ്യത്തെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ കീഴില്‍ സമഗ്ര വികസനത്തിനായി വാരണാസിയിലെ കുര്‍ഹുവ ഗ്രാമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്തതായി ജില്ലാ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ ബുധനാഴ്ച അറിയിച്ചു.

പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വാരണാസി. പദ്ധതിയുടെ കീഴില്‍ വാരണാസിയില്‍ അദ്ദേഹം ദത്തെടുക്കുന്ന എട്ടാമത്തെ ഗ്രാമമാണ് കുര്‍ഹുവ. 2023-24 സാമ്പത്തിക വര്‍ഷം ദത്തെടുക്കുന്നതിനായി കുര്‍ഹുവ ഗ്രാമത്തിന്റെ പേര് പ്രധാനമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചതെന്നും വികസന പദ്ധതി തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം ഗ്രാമത്തില്‍ ക്യാമ്പ് ചെയ്യുമെന്നും ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഹിമാന്‍ഷു നാഗ്പാല്‍ പറഞ്ഞു. ജില്ലാ ഗ്രാമവികസന ഏജന്‍സി (ഡിആര്‍ഡിഎ) പോര്‍ട്ടലില്‍ എത്രയും വേഗം വികസന പദ്ധതി അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമെന്ന് കുര്‍ഹുവയുടെ ഗ്രാമത്തലവന്‍ രമേഷ് സിംഗും വ്യക്തമാക്കി. ‘ഇത് ഞങ്ങള്‍ക്ക് സ്വപ്ന സാക്ഷാത്കാരമാണ്. നിലവില്‍ ഗ്രാമം മോശം അവസ്ഥയിലാണ്. കുടിവെള്ളം, റോഡ്, സ്‌കൂള്‍, ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഗ്രാമത്തില്‍ ലഭ്യമല്ല. ഇതിന് ഒരു പരിഹാരം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- അദ്ദേഹം പറഞ്ഞു.

അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സമഗ്രവികസനത്തിലേക്ക് നയിക്കുന്ന പദ്ധതികള്‍ കൊണ്ടുവരികയാണ് 2014 ഒക്ടോബര്‍ 11 ന് ലോക് നായക് ജയ് പ്രകാശ് നാരായണന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ലക്ഷ്യം. യുനെസ്‌കോയുടെ ലേണിംഗ് സിറ്റി പട്ടികയില്‍ നിലമ്പൂരിനെ തിരഞ്ഞെടുത്തത് നേരത്തെ വാര്‍ത്തയായിരുന്നു. കേരളത്തില്‍ നിന്ന് തൃശൂര്‍, തെലങ്കാനയിലെ വാറങ്കല്‍ എന്നിവയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

ചെന്നൈ: മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്‌നാട്ടിലെ കാരക്കലിന് സമീപം തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും 13 ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

അതേസമയം, ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലികാറ്റ് ഇപ്പോള്‍ മഹാബലിപുരത്തു ഏതാണ്ട് 230 കിലോമീറ്റര്‍ മാത്രം അകലെയാണ്. ചെന്നൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ. സിസ്റ്റം ‘തീവ്രചുഴലികാറ്റ്’ അവസ്ഥയില്‍ നിന്നും അല്പം ശക്തി കുറഞ്ഞു ‘ചുഴലികാറ്റ്’ ആയിട്ടുണ്ട്. ഇപ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 – 100 കിലോമീറ്റര്‍. ഇന്ന് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ‘ മരക്കാനം ‘ തീരത്ത് ‘ നിലംപതിക്കാന്‍ ആണ് സാധ്യത.

തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മേഖലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ വിന്യസിച്ചു. കേരളത്തില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആറു മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ഇ ഹെൽത്ത് രൂപകല്പ്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ലഭ്യമായ വിവരങ്ങൾ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടർനടപടികൾ സ്വീകരിക്കാനും ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കാനും സഹായിക്കുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് ഈ നേട്ടം കൈവരിക്കാനായത് ആരോഗ്യ വകുപ്പിന്റെ ഒത്തൊരുമയുള്ള പ്രവർത്തനങ്ങളാണ്. എല്ലാ ആരോഗ്യ പ്രവർത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിച്ചു.

ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെയാണ് ആരോഗ്യ പ്രവർത്തകർ വീട്ടിൽ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നത്. ഇതുവരെ ആകെ 50,01,896 പേരെ സ്‌ക്രീനിംഗ് നടത്തിയതിൽ 18.89 ശതമാനം പേർ (9,45,063) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.76 ശതമാനം പേർക്ക് (5,38,491) രക്താതിമർദ്ദവും, 8.72 ശതമാനം പേർക്ക് (4,36,170) പ്രമേഹവും, 3.74 ശതമാനം പേർക്ക് (1,87,066) ഇവ രണ്ടും സംശയിക്കുന്നുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നുവെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി.

ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നു. ഈയൊരു ലക്ഷ്യം മുൻനിർത്തി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ കാമ്പയിൻ വഴി 6.44 ശതമാനം പേർക്ക് (3,22,155) കാൻസർ സംശയിച്ച് റഫർ ചെയ്തിട്ടുണ്ട്. 0.32 ശതമാനം പേർക്ക് വദനാർബുദവും, 5.42 ശതമാനം പേർക്ക് സ്തനാർബുദവും, 0.84 ശതമാനം പേർക്ക് ഗർഭാശയ കാൻസർ സംശയിച്ചും റഫർ ചെയ്തിട്ടുണ്ട്. ഈ രീതിയിൽ കണ്ടെത്തുന്നവർക്ക് രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് കാൻസർ കെയർ സ്‌ക്രീനിംഗ് ഡാഷ്‌ബോർഡ് പോർട്ടൽ അടുത്തിടെ സജ്ജമാക്കി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിംഗ് നടന്നു വരുന്നു. കൂടാതെ എല്ലാവർക്കും കാൻസർ ചികിത്സ ഉറപ്പ് വരുത്തുന്നതിന് കാൻസർ ഗ്രിഡിന്റെ മാപ്പിംഗ് എല്ലാ ജില്ലകളിലും നടന്നു വരികയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷൻ വഴിയാണ് ഇത് നടപ്പിലാക്കി വരുന്നത്. ഇതിനായി ശൈലി ആപ്പ് രൂപപ്പെടുത്തുന്ന വേളയിൽ മന്ത്രിയുടെ നിർദേശ പ്രകാരം ക്യാൻസർ രോഗ നിയന്ത്രണം, പാലിയേറ്റീവ് കെയർ എന്നീ മേഖലകളെ കൂടി ഉൾപ്പെടുത്തി. ഈ കാമ്പയിനിലൂടെ 35,580 പാലിയേറ്റിവ് കെയർ രോഗികളേയും 65,164 പരസഹായം ആവശ്യമുള്ളവരേയും സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു. ആവശ്യമായവർക്ക് മതിയായ പരിചരണം ഉറപ്പ് വരുത്തും. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വലിയ മാറ്റത്തിനായിരിക്കും ഈ പദ്ധതിയിലൂടെ കഴിയുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ വളരുന്ന സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിന്റെ കാര്യത്തില്‍ വെറും 3 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.

അതേസമയം, കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിന്റെ ആകെയുള്ള ആഭ്യന്തര ഉല്‍പ്പാദനം 8.2 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ്. 2012 സാമ്പത്തിക വര്‍ഷത്തില്‍ 6.16 ലക്ഷം കോടി രൂപയായിരുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ 12.48 ലക്ഷം കോടി രൂപയായി വളര്‍ന്നു. 18.89 ലക്ഷം കോടി രൂപയുടെ ജിഎസ്ഡിപിയുള്ള മഹാരാഷ്ട്രയ്ക്ക് പിന്നില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം കൂടിയാണ് ഗുജറാത്ത് എന്നാണ് ആര്‍ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, 7.3 ശതമാനം വളര്‍ച്ച നിരക്കാണ് കര്‍ണാടകത്തിനുള്ളത്. 2012 സാമ്പത്തിക വര്‍ഷം 6.06 ലക്ഷം കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 11.44 ലക്ഷം കോടി രൂപയായി കര്‍ണാടക വളര്‍ന്നു. നാലാമത്തെ വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥ കൂടിയാണ് കര്‍ണാടക. 2021 സാമ്പത്തിക വര്‍ഷത്തില്‍ 5.36 ലക്ഷം കോടി ജിഎസ്ഡിപിയുമായി ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്. 2012 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ജിഎസ്ഡിപി 2.97 ലക്ഷം കോടി രൂപയായിരുന്നു. അതിവേഗം വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മധ്യപ്രദേശ് നാലാം സ്ഥാനത്താണ്. സംസ്ഥാന ജിഡിപി 2012 സാമ്പത്തിക വര്‍ഷത്തില്‍ 3.16 ലക്ഷം കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 5.65 ലക്ഷം കോടി രൂപയായി വികസിച്ചു. മധ്യപ്രദേശിന് തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ് 6.5 ശതമാനം വാര്‍ഷിക ജിഎസ്ഡിപി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി, 2012 സാമ്പത്തിക വര്‍ഷത്തിലെ 3.79 ലക്ഷം കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 6.70 ലക്ഷം കോടി രൂപയിലെത്തി. 3.9 ശതമാനം വളര്‍ച്ചാ നിരക്കുള്ള കേരളം, ജമ്മു & കശ്മീര്‍ 4.1 ശതമാനം, 4.2 ശതമാനം സിഎജിആര്‍ ഉള്ള ജാര്‍ഖണ്ഡ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും പതുക്കെ വളരുന്ന സംസ്ഥാനങ്ങള്‍.

പത്തനംതിട്ട: മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി. പക്ഷെ യാത്രയും താമസവുമെല്ലാം സാധാരണക്കാർക്ക് പലപ്പോഴും മനോഹരമായ ഗവി ഒരു സ്വപ്നമാകുന്നു. ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ശബരിമല തീർഥാടകർക്കും മറ്റ് യാത്രക്കാരും ഉൾപ്പെടെ മുപ്പത്തിയേഴ് പേർക്ക് രാത്രി താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യങ്ങൾ എംഎൽഎ ഫണ്ട് വിനിയോഗിച്ച് ഒരുക്കും. കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഡിപ്പോയാണ് പത്തനംതിട്ട കെഎസ്ആർടിസിയെന്ന് വീണാ ജോർജ് വ്യക്തമാക്കി.

ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളിൽ നിന്നായി സർവീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.

ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നത് ജനങ്ങൾ ഇത് ഏറ്റെടുത്തുവെന്നതിന് വലിയ തെളിവാണ്. ക്രിസ്മസ്, ന്യൂ ഇയർ അവധി ദിവസങ്ങൾ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ കിട്ടുന്ന അവസരമാണ് ഇത്. ഈ അവസരത്തിൽ ഇതിനായി പ്രവർത്തിച്ച മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ദീർഘനാളായി ജില്ലയിൽ മുടങ്ങി കിടന്ന സർവീസുകൾ പുനരാരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിംഗ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.

കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവിൽ ഗവിയിലേക്ക് രണ്ട് ഓർഡിനറി സർവീസ് പത്തനംതിട്ടയിൽ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡിടിഒ അറിയിച്ചു.

പത്തനംതിട്ട ഡിടിഒ തോമസ് മാത്യു, വാർഡ് അംഗം എസ് ഷമീർ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ജി ഗിരീഷ് കുമാർ, ആർ അജി, എസ് സുജിത്ത്, ടി. വേണുഗോപാൽ, നൗഷാദ് കണ്ണങ്കര(ജനതാദൾ), പി കെ ജയപ്രകാശ്, ബജറ്റ് ടൂറിസം കൗൺസിൽ പ്രതിനിധികളായ സുമേഷ്, സന്തോഷ്, ആർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

ന്യൂഡൽഹി: ഇന്ത്യ റഷ്യയുമായി കൂടുതൽ അടുത്തെന്ന ആശങ്ക പങ്കുവെച്ച ജർമ്മൻ സംഘത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ഇന്ത്യയുടെ പങ്കാളിത്തത്തെ അനിവാര്യമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നാലേന ബയർബോക്കുമായി ചേർന്ന് നടത്തിയ മാദ്ധ്യമ സമ്മേളനത്തിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ യൂറോപ്പുമായി നടത്തിവരുന്ന വാണിജ്യ സഹകരണം വളരെ വിശാലമാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ഒരു അംശം മാത്രമേ റഷ്യയുമായുള്ള പങ്കാളിത്തമുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ-റഷ്യ ബന്ധം വളരെ പഴക്കം ചെന്നതാണ്. ദീർഘ കാലമായുള്ള വാണിജ്യ വ്യാപാര കരാറുകൾ സ്വാഭാവികമാണ്. നിലവിലെ വിപുലീകരണം കാലാനുസൃതമായ മാറ്റത്തിന് അനുഗുണമായി വന്നുചേർന്നതാണെന്നും വാണിജ്യബന്ധം സ്വാഭാവികമായി വികസിക്കുക മാത്രമേ ചെയ്യ്തിട്ടുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അക്രമത്തെ തുറന്ന് എതിർത്തിട്ടുണ്ട്. എന്നും അതാണ് രാജ്യത്തിന്റെ നയം. ഇത് യുദ്ധങ്ങൾക്കായുള്ള നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ പ്രഖ്യാപനം ഇന്ത്യ എന്നും മുറുകെ പിടിക്കുന്നതാണെന്നും ജയശങ്കർ അറിയിച്ചു.

ഇന്ത്യയ്ക്ക് ഏത് കമ്പോളത്തിൽ നിന്നാണോ ഉൽപ്പന്നങ്ങൾ ലാഭത്തിൽ ലഭിക്കുക അത് ജനങ്ങളുടെ ആവശ്യത്തിനായി വാങ്ങുക എന്നത് അടിയന്തിരമായ കാര്യമാണ്. ഏതൊരു രാജ്യത്തിനും വേണ്ട അവശ്യ വസ്തുക്കൾ എത്തിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. റഷ്യയ്ക്കും പരസ്പരം ആവശ്യമുള്ള നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും കൈമാറുക എന്നത് ആഗോളതലത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പനാജി: തന്റെ ചെറുപ്പക്കാലം മുതലുള്ള തന്റെ ഇഷ്ടങ്ങൾ വെളിപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചെറുപ്പം മുതലേ സംഗീതത്തോടുള്ള ഇഷ്ടം ഇപ്പോഴും തുടരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോവയിൽ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൾ ഇന്ത്യ റേഡിയോയിൽ റേഡിയോ ജോക്കിയായി പാർട്ട് ടൈം ജോലി ചെയ്ത സംഭവവും അദ്ദേഹം ഓർത്തെടുത്തു.

തന്നെ കുറിച്ച് അധികമാരും അറിയാത്ത സംഭവത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ ഇരുപതുകളിൽ ഓൾ ഇന്ത്യ റേഡിയോയിൽ താൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. പ്ലേ ഇറ്റ് കൂൾ, എ ഡേറ്റ് വിത്ത് യു, സൺഡേ റിക്വസ്റ്റ്സ് തുടങ്ങിയ പരിപാടികളുടെ അവതാരകനായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകനായ ശേഷം വീണ്ടും സംഗീതത്തിലേക്ക് താൻ തിരികെ പോയി. ഇപ്പോഴും എല്ലാ ദിവസവും സംഗീതം കേൾക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ് ലഭിച്ചു. കണ്ണൂർ സർവ്വകലാശാല പ്രൊ-വൈസ് ചാൻസലർ ഡോ എ സാബു, ഐ.ടി. വിഭാഗം തലവൻ സുനിൽകുമാർ, ഡോ. എൻ.എസ്.ശ്രീകാന്ത്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിൽ വിദ്യാർത്ഥിക്ഷേമങ്ങൾക്കായി സർവകലാശാല നടപ്പാക്കിയ വിവിധ പദ്ധതികളടങ്ങിയ കെ യു കണക്ട് എന്ന പ്രോജക്ടിനാണ് പുരസ്‌കാരം.

കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് അവരുടെ സർവകലാശാലാ സംബന്ധമായ കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഓൺലൈൻ ചോദ്യ ബാങ്കാണ് കെ യു കണക്ടിന്റെ പ്രധാന ആകർഷകത. പൂർണ്ണ സുരക്ഷയാണ് ഈ ചോദ്യബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ചോദ്യബാങ്ക് ഉപയോഗിക്കുന്നതിലൂടെ വർഷത്തിൽ ഒരുകോടി രൂപ വരെയാണ് സർവകലാശാലയ്ക്ക് ലഭിക്കുന്ന ലാഭം. സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനം, ദ്രുതഗതിയിൽ പരീക്ഷാഫല പ്രസിദ്ധീകരണം സാധ്യമാക്കുന്ന കെ.യു.മാർക്ക് ആപ്പ് എന്നിവയാണ് പദ്ധതിയുടെ മറ്റ് പ്രധാന ഘടകങ്ങൾ.