പോക്സോ നിയമത്തിലുള്ള ആശങ്ക പങ്കുവെച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൗമാരപ്രായക്കാര്‍ ഉള്‍പ്പെട്ട സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ കേസുകള്‍ പരിശോധിക്കുന്ന ജഡ്ജിമാര്‍ക്ക് വെല്ലുവിളി ഏറെയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. കഴിഞ്ഞ ദിവസം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംബന്ധിച്ചുള്ള സെമിനാറിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.

പോക്സോ നിയമത്തിന് കീഴിലുള്ള സമ്മതപ്രായം സംബന്ധിച്ച വര്‍ദ്ധിച്ച് വരുന്ന ആശങ്ക പരിഗണിക്കണമെന്നും ഡി വൈ ചന്ദ്രചൂഡ് പാര്‍ലമെന്റിനോട് അഭ്യര്‍ത്ഥിച്ചു. ഒരു പ്രത്യേക കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ തമ്മിലുള്ള സമ്മതം വസ്തുതാപരമായി ഉണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, 18 വയസിന് താഴെയുള്ളവര്‍ക്കുള്ള എല്ലാ ലൈംഗിക പ്രവര്‍ത്തനങ്ങളും പോക്സോ നിയമ പ്രകാരം കുറ്റകരമാക്കുന്നു. ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണ്, ഇത് നിയമനിര്‍മ്മാണ സഭ പരിഗണിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഒരേ കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ വസ്തുതാപരമായി സമ്മതം ഉണ്ടോ എന്നത് പരിഗണിക്കാതെ തന്നെ 18 വയസ്സിന് താഴെയുള്ള എല്ലാ ലൈംഗിക പ്രവര്‍ത്തനങ്ങളും കുറ്റകരമാക്കുന്ന പോക്സോ നിയമത്തെകുറിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആശങ്ക പങ്കുവച്ചത്.