പാകിസ്താനിൽ ഭക്ഷ്യക്ഷാമം രൂക്ഷം; ഗോതമ്പുമായി പോകുന്ന ബൈക്കിൽ പിന്തുടർന്ന് ജനങ്ങൾ, വീഡിയോ ചർച്ചയാകുന്നു

ന്യൂഡൽഹി: പാകിസ്താനിൽ ഭക്ഷ്യക്ഷാമം രൂക്ഷം. ഇതിനെ സാധൂകരിക്കുന്ന വീഡിയോകളാണ് ഇപ്പോൾ പാകിസ്താനിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ജീവൻ പോലും മറന്നുകൊണ്ട് ഗോതമ്പുമായി പോകുന്ന ഒരു ട്രക്കിനെ ഒരു കൂട്ടം ആളുകൾ ബൈക്കിൽ പിന്തുടരുന്ന വീഡിയോയാണ് പാകിസ്താനിൽ നിന്നും പുറത്തു വന്നിട്ടുള്ളത്. നാഷണൽ ഇക്വാലിറ്റി പാർട്ടി ചെയർമാൻ പ്രൊഫസ്സർ സജ്ജാദ് രാജയാണ് ഈ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളത്.

ഇത് ഒരു മോട്ടോർസൈക്കിൾ റാലി അല്ല. ഇത് ധാന്യവുമായി പോകുന്ന ട്രക്കിനെ പാകിസ്ഥാനിലെ ആളുകൾ പിന്തുടരുന്നതാണ്. ഒരു പാക്കറ്റ് ധാന്യമെങ്കിലും വാങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവർ ട്രക്കിനെ പിന്തുടരുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പാകിസ്താന് എന്തെങ്കിലും ഭാവിയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. പാകിസ്താനിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോതമ്പ് ചാക്കുമായി പോകുന്ന ഒരു ട്രക്കും മോട്ടോർ സൈക്കിളിൽ ട്രക്കിനെ പിന്തുടരുന്ന ആളുകളുമാണ് വീഡിയോയിൽ ഉള്ളത്. ഗോതമ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ ചിലർ പണം ട്രക്കിന് നേരെ വച്ചു നീട്ടുന്നുണ്ട്. പാകിസ്താനിലെ ഭക്ഷ്യ ക്ഷാമത്തിന്റെ തീവ്രതയാണ് ഈ വീഡിയോ കാട്ടിത്തരുന്നത്. അതേസമയം, ഗോതമ്പുമായി പോകുന്ന ട്രക്കിനെ ആളുകൾ വളഞ്ഞുവെന്നും ഡ്രൈവർമാർക്ക് നേരെ കല്ലെറിയുന്ന സാഹചര്യം വരെ ഇവിടെ ഉണ്ടായിയെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.