ന്യൂഡൽഹി: ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. തുടർച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവച്ചുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. സിമിയുടെ നിരോധനം തുടരുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ നിയമനങ്ങൾക്ക് വിരുദ്ധമായാണ് ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സിമി പ്രവർത്തിക്കുന്നത്. അതിനാൽ ഒരു കാരണവശാലും സംഘടനയ്ക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകാനാകില്ല. ദേശീയതയ്ക്ക് എതിരാണ് സിമിയെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത് 2001 ലാണ്. നിരോധനത്തിന് ശേഷവും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ടെന്നും മൂന്ന് ഡസനിലധികം പോഷക സംഘടനകൾ സിമിക്ക് ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ഈ സംഘടനകളിലൂടെ ധനസമാഹരണവും നടത്തുന്നുണ്ട്. പഴയ പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിനും, ലഘുലേഖകകൾ വിതരണം ചെയ്യുന്നതിനും ഈ സംഘടനകളെ ഉപയോഗിക്കുന്നുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നിരോധന പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും ഏർപ്പെടുന്നുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്താണ് നിരോധനം തുടരുന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.

