നിർമാണപ്രവൃത്തിമൂലം തീരശോഷണമുണ്ടായിട്ടില്ല; വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അനുകൂലമായി എൻഐഒടിയുടെ പഠനറിപ്പോർട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അനുകൂലമായി എൻഐഒടിയുടെ പഠനറിപ്പോർട്ട്. നിർമാണപ്രവൃത്തിമൂലം വിഴിഞ്ഞത്ത് തീരശോഷണമുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചെന്നൈ എൻഐഒടിയുടെ പുതിയ പഠന റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. തീരശോഷണം രൂക്ഷമായ വലിയതുറ, ശംഖുമുഖം ഭാഗങ്ങളിലെ അവസ്ഥ അടുത്ത വർഷത്തോടെ മെച്ചപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. തീരശോഷണത്തിലോ വേലിയേറ്റങ്ങൾക്ക് മറ്റും ശേഷം സ്വാഭാവികമായി തന്നെയുണ്ടാകുന്ന തീരം വയ്പിലോ തുറമുഖ നിർമാണത്തിന് വലിയ രീതിയിൽ സ്വാധീനം ചെലുത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

2021 ഒക്ടോബർ മുതൽ 2022 സെപ്തംബർ വരെയാണ് എൻഐഒടിയുടെ പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിലെ തീരശോഷണം വ്യക്തമായിരുന്നു. തുമ്പ – ശംഖുമുഖം, പുല്ലുവിള – പൂവാർ സ്‌ട്രെച്ചിലാണ് തീരം വെയ്പ് കണ്ടെത്തിയത്. അടിയ്ക്കടിയുണ്ടായ ന്യൂനമർദ്ദങ്ങളും ഓഖി അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുമാണ് വലിയതുറയിൽ അടക്കം തീരം രൂപീകരണപ്പെടുന്നതിന് തടസ്സമായത്. ഇതിന് വിഴിഞ്ഞം തുറമുഖവുമായി ബന്ധമില്ലെന്നും റിപ്പോർ്ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുറമുഖ നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ നിന്നും 13-15 കിലോ മീറ്റർ വരെ ദൂരത്തിലാണ് തീരശോഷണം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകൾ. പൂന്തുറ-ബീമാപള്ളി പ്രദേശത്തെ പുലിമുട്ട് നിർമാണവും വലിയതുറയിലെ തീരശോഷണത്തിന്റെ ആക്കം വർദ്ധിപ്പിച്ചു. മാനുഷിക ഇടപടലോ വലിയ നിർമിതികളോ ഉണ്ടായില്ലെങ്കിൽ വലിയതുറ-ശംഖുമുഖം സ്‌ട്രെച്ചിൽ അടുത്ത വർഷത്തോടെ തീരത്തിന്റെ സ്ഥിതി സ്വാഭാവികമായി തന്നെ മെച്ചപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.