Highlights (Page 57)

മുംബൈ: സമൂഹമാദ്ധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരെ 2,767 പരാതികളെന്ന് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ). ഇന്‍ഫ്ളുവന്‍സര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിശദമാക്കി എന്‍ഡോസ്‌മെന്റ് നോ ഹൗസ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയ പ്രസ്തുത നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് നിലവിലെ പരാതികള്‍.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ പകുതിയിലധികം ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ സൂചിപ്പിക്കുന്നു. കൂടാതെ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇതിന്റെ മൂന്നിലൊന്നും ലംഘനങ്ങള്‍ വരുത്തിയതായി എഎസ്സിഐ പറഞ്ഞു. ലഭിച്ചിരിക്കുന്ന പരാതികളില്‍ 90 ശതമാനത്തിലധികവും മാറ്റങ്ങളുടെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സമൂഹമാദ്ധ്യമ ഇന്‍ഫ്ളുവന്‍സര്‍മാരുടെ ഇടപെടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശം നല്‍കിയിരുന്നു. പ്രമോഷനുകള്‍ നടത്തുമ്‌ബോള്‍ സ്പോണ്‍സേഡ് എന്നോ പെയ്ഡ് പ്രമോഷന്‍ എന്നോ കൃത്യമായി ചേര്‍ക്കണമെന്ന് ചേര്‍ക്കണമെന്നാണ് നിര്‍ദേശം. ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലളിതമായി കാഴ്ചക്കാര്‍ക്ക് മനസ്സിലാകും വിധം അവതരിപ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പിഴയും കൂടാതെ ഉത്പന്നങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആറ് വര്‍ഷം വരെ സമൂഹമാദ്ധ്യമത്തില്‍ വിലക്കേര്‍പ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. 2021 മെയ് മാസത്തിലാണ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്.

തിരുവനന്തപുരം: നാല്പതിനായിരത്തോളം വാഹനങ്ങളാണ് സംസ്ഥാന വ്യാപകമായി പോലീസ് സ്‌റ്റേഷൻ പരിസരത്ത് കുന്നുകൂടിക്കിടക്കുന്നത്. തുരുമ്പിച്ചും ദ്രവിച്ചും ആർക്കും വേണ്ടാതെ നശിച്ചു പോകുകയാണ് ഈ വാഹനങ്ങൾ.

ഇത്തരത്തിൽ വാഹനങ്ങൾ കൂട്ടിയിടാനുള്ള സ്ഥലം മിക്ക പോലീസ് സ്‌റ്റേഷനുകളിലുമില്ല. അതിനാൽ തന്നെ പലയിടത്തും നിരത്തുവക്കിലും ഡംബിങ് യാർഡുകളിലുമാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. ഇങ്ങനെ വാഹനങ്ങൾ കൂട്ടിയിട്ട കണ്ണൂർ കുറുമാത്തൂർ വെള്ളാരംപാറയിൽ ഡംബിങ് യാർഡിൽ കഴിഞ്ഞ ദിവസം തീപിടുത്തവും ഉണ്ടായിരുന്നു.

മാർഗതടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ എത്രയുംപെട്ടന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. കോടതി നടപടികൾ മൂലം ഒഴിവാക്കാനാവാത്ത വാഹനങ്ങളാണിവയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതേസമയം, വിട്ടുനൽകാവുന്ന വാഹനങ്ങളും പോലീസ് പിടിച്ചിട്ടിരിക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

കോടതിയാവശ്യത്തിന് മാത്രമേ ഇത്തരത്തിൽ വാഹനങ്ങൾ സൂക്ഷിക്കാവൂ. എന്നാൽ, പെറ്റിക്കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾപോലും സ്റ്റേഷൻവളപ്പുകളിലുണ്ട്. ലഹരിക്കടത്ത്, മണൽക്കടത്ത്, മോഷണം, അപകടം, ട്രാഫിക് നിയമലംഘനം, മറ്റു കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ ഉൾപ്പെട്ട വാഹനങ്ങളാണ് ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കലിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാർ കാട്ടിക്കൂട്ടുന്നത് അപ്രഖ്യാപിത അടിയന്താരാവസ്ഥയ്ക്ക് തുല്യമായ നടപടികളാണ്. പൊതുജനത്തെ വഴിയിൽ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാർഹമാണ്. സംസ്ഥാന ഭരണകൂടം സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉൾപ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേൽ കടന്നുകയറുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കരുതൽ തടങ്കലിലെടുക്കുന്നതിന് രാജ്യത്ത് ചില നിയമവ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സങ്കുചിത താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആരെയെങ്കിലും തുറുങ്കിലടയ്ക്കാൻ നിയമത്തിൽ പറയുന്നില്ല. മുഖ്യമന്ത്രിക്ക് വേണ്ടി പോലീസ് 151 സിആർപിസി വകുപ്പ് ദുരുപയോഗം ചെയ്യുകയാണ്. കേരള സമൂഹത്തിന് മുഴുവൻ ഭീഷണിയായി ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തിൽ നിരോധിക്കേണ്ടതെന്നും ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധം ഒരു കുറ്റകൃത്യമല്ലെന്നും അദ്ദേഹം അറിയിച്ചു.

അമരാവതി: ആന്ധ്രയിലെ സ്വരാജ് മൈതാനിയിൽ ഡോ. ബി.ആർ അംബേദ്കറുടെ പ്രതിമയൊരുങ്ങുന്നു. പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മന്ത്രിമാരായ കോട്ടു സത്യനാരായണ, ബോച്ച സത്യനാരായണ, മേരുഗ നാഗാർജുന എന്നിവരുൾപ്പെടെയുള്ളവർ മൈതാനിയിലെത്തി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപുള്ള സർവമത പ്രാർത്ഥനകളിൽ പങ്കെടുത്തു.

300 കോടി രൂപയാണ് പ്രതിമയുടെ നിർമ്മാണ ചെലവ്. 125 അടി ഉയരമുള്ള പ്രതിമയാണ് നിർമ്മിക്കുന്നത്. അംബേദ്കർ സ്മാരക പാർക്കിലെ ലൈബ്രറി, കൺവെൻഷൻ ഹാൾ, എന്നിവയെല്ലാം നവീകരിക്കുകയാണെന്ന് ആന്ധ്രാപ്രദേശ് സാമൂഹ്യ ക്ഷേമ മന്ത്രി മേരുഗ നാഗാർജുന വ്യക്തമാക്കി.

അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് മന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു. വിജയവാഡ നഗരത്തിന്റെ ഹൃദയഭാഗത്ത് 19 ഏക്കർ സ്ഥലത്താണ് അംബേദ്കർ മെമ്മോറിയൽ പാർക്ക് സ്ഥിതി ചെയ്യുന്നതെന്നും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരം ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ന്യൂഡൽഹി: 12 ചീറ്റപ്പുലികളെ കൂടി ദക്ഷിണാഫ്രിക്കയിൽ നിന്നും രാജ്യത്തെത്തിച്ചു. ശനിയാഴ്ച്ച രാവിലെയാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് ഇവയെ എത്തിക്കും.

വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ചീറ്റപ്പുലികളെ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പുതുതായി എത്തിയവയിൽ 7 എണ്ണം ആൺ ചീറ്റകളാണ്. 5 പെൺ ചീറ്റകളുമുണ്ട്. വലിയ കൂടുകളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്നു നൽകിയായിരുന്നു ഇവയെ രാജ്യത്തെത്തിച്ചത്. ഗ്വാളിയോർ വ്യോമതാവളത്തിലെത്തിയ ചീറ്റകളെ എംഐ 17 ഹെലികോപ്റ്ററിൽ കുനോയിലേക്കു കൊണ്ടുപോകും. കുനോയിലെത്തിക്കുന്ന ചീറ്റകളെ ക്വാറന്റീനിൽ പാർപ്പിക്കുമെന്നാണ് വിവരം.

ക്വാറന്റൈന് ശേഷം അഞ്ച് സ്‌ക്വയർ കിലോമീറ്റർ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്നുവിടും. പിന്നീട് ഇവയെ പാർക്കിലേക്ക് മാറ്റും. പുതുതായി 12 ചീറ്റകൾ കൂടി എത്തിയതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 20 ആയി. അതേസമയം, നമീബിയയിൽ നിന്നു സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾ കുനോ ദേശീയ ഉദ്യാനത്തിൽ ആരോഗ്യത്തോടെയിരിക്കുന്നുവെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം സെപ്തംബർ 17 ന് എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടിരുന്നു.

കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഫെഡറൽ ഘടന അട്ടിമറിക്കാൻ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ പദവി ദുരുപയോഗം ചെയ്ത് ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിൽ നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുകയാണ്. കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ബിബിസി ഓഫീസുകളിൽ നടക്കുന്ന ഇഡി റെയ്ഡിനെ മുഖ്യമന്ത്രി അപലപിക്കുകയും ചെയ്തു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ബിബിസി ഓഫീസുകളിലെ റെയ്ഡ്. അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേരളം ബദൽ നയങ്ങൾ നടപ്പിലാക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം. മാനവ വികസന സൂചിക പ്രകാരം രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. കേരളത്തിൽ ശിശുമരണനിരക്കും, മാതൃമരണ നിരക്കും വളരെ കുറവാണ്. കേരളം പൊതുജനാരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും വളരെ മുന്നിലാണ്. വിലക്കയറ്റത്തിനിടയിൽ കേരളത്തിൽ ദിവസക്കൂലി വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

100 ഓളം ഇമേജുകള്‍ ഒരേ സമയം ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്‌സാപ്പ്. ഡെസ്‌ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്‌സാപ്പ് അവതരിപ്പിക്കുന്നത്.

ഒരു ചാറ്റില്‍ ഒരേ സമയം 30 മീഡിയ ഫയലുകള്‍ വരെ പങ്കിടാനേ നിലവില്‍ ആപ്പ് അനുവദിക്കൂ. ഇതിനാണ് മാറ്റം വരുന്നത്. ചില വാട്ട്സ്ആപ്പ് ബീറ്റ ടെസ്റ്ററുകളില്‍ ഉയര്‍ന്ന എണ്ണം ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. മാത്രമല്ല ഇത് മറ്റ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാക്കിയേക്കും. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് അയയ്ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. കൂടാതെ, ഫീച്ചര്‍ ട്രാക്കര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്, മികച്ച നിലവാരം, ഡാറ്റ സേവര്‍ ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുക്കാം.

നേരത്തെ സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേറ്റുമായി ആപ്പ് എത്തിയിരുന്നു. വോയ്സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്‌സ്, സ്റ്റാറ്റസുകള്‍ക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകള്‍, സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ അപ്‌ഡേറ്റ്. വരും ആഴ്ചകളില്‍ ഈ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാന് പുതിയ സ്വകാര്യത ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കും. 30 സെക്കന്‍ഡ് വരെയുള്ള വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടാനുള്ള കഴിവും ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്ഡേറ്റുകളോട് റിയാക്ട് ചെയ്യാനും കഴിയും.

ന്യൂഡൽഹി: ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാൻ വേണ്ടത് ഇനി രണ്ടുമാസം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനസംഖ്യയുടെ കാര്യത്തിൽ ഏപ്രിൽ 14ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്. ഐക്യരാഷ്ട്ര സഭയുടേത് അടക്കം ജനസംഖ്യാ പ്രവചന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്‌സ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ജനസംഖ്യ 2023 ഏപ്രിൽ 14ന് 142 കോടിയാകുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകുമെന്നും ഇതിനായി അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ ഏതാനും വർഷങ്ങളായി ജനസംഖ്യ കുറഞ്ഞുവരികയാണ്. എന്നാൽ, ഇന്ത്യയിൽ ഇതേ കാലയളവിൽ ജനസംഖ്യയിൽ ചെറിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു.

പാലക്കാട്: കേരളത്തിലെ 30 പ്രധാനപാതകളുടെ സമഗ്രനവീകരണത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍(ക്രിഫ്)നിന്ന് അനുവദിച്ച 506.14 കോടി രൂപയുപയോഗിച്ചുള്ള നടപടികള്‍ തുടങ്ങി. പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി എന്നീ ജില്ലകളിലെ റോഡുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിലവിലെ നിരക്കില്‍നിന്ന് 10 ശതമാനം അധികതുക നിശ്ചയിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു അറിയിച്ചു. വയനാട് ജില്ലയില്‍ ഏഴു റോഡുകള്‍ നവീകരിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നാല് റോഡുകള്‍ വീതവും ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓരോ റോഡിന് വീതവുമാണ് നവീകരണത്തിന് അനുമതി. പാലക്കാട്ട്, കല്ലടിക്കോട്-പുലാപ്പറ്റ-ശ്രീകൃഷ്ണപുരം 15 കിലോമീറ്റര്‍ റോഡ് 18 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കും. നെന്മാറ-ഒലിപ്പാറ റോഡില്‍ 11.8 കിലോമീറ്റര്‍ 16.5 കോടിക്കും നവീകരിക്കും.

നവീകരിക്കുന്ന റോഡുകള്‍

കോഴിക്കോട്: ചെറുവണ്ണൂര്‍-ചന്ദനക്കടവ് റോഡ് (10/12.35), കൂമുള്ളി-കോക്കല്ലൂര്‍ റോഡ് (10/14.72), ഓമശ്ശേരി-പള്ളിപ്പടി റോഡ് (12/15), കുറ്റ്യാടി-കൈപ്പറംകടവ് (10/16)

വയനാട്: ചെന്നലോട്-ഊട്ടുപാറ (12/15), വെള്ളമുണ്ട-പടിഞ്ഞാറേത്തറ (12/15), കാവുമന്ദം-ബാങ്കുന്ന് (12/15), മുള്ളന്‍കൊല്ലി-പെരിക്കല്ലൂര്‍ (13.4/15), പനമരം-വെള്ളിയമ്പം (11.2/15), ബേഗൂര്‍-തിരുനെല്ലി (10/12), സുല്‍ത്താന്‍ ബത്തേരി-പഴുവത്തൂര്‍ (14.1/18)

മലപ്പുറം: തൃക്കണ്ണാപുരം-നരിപ്പറമ്പ (20/20), തൂത-വെട്ടത്തൂര്‍ (17.8/15), വണ്ടൂര്‍-കാളികാവ് (12/12), പെരകമണ്ണ-കാരപ്പറമ്പ (14/13)

എറണാകുളം: ഒലിപ്പുറം-തൃപ്പനാകുളം (17/20), കാലടി-മലയാറ്റൂര്‍ (18.2/22.75), ദേശം-വള്ളംകടവ് (14.5/17), തൃക്കാരിയൂര്‍-വട്ടമ്പാറ (12/16)

കാസര്‍കോട്: ഒടയഞ്ചാല്‍-ചെറുപുഴ (10/10)

കണ്ണൂര്‍: പൊന്നുരുക്കിപ്പാറ-മടത്താട്ട് (12.35/19.9), ആറാംമൈല്‍-അരത്തിക്കടവ് (17.2/26.4)

പത്തനംതിട്ട: ആറന്മുള-എലുവംതിട്ട (10/15)

കൊല്ലം: ഓച്ചിറ-കരുനാഗപ്പിള്ളി (13/22.5), പാരിപ്പള്ളി-ചാത്തന്നൂര്‍ (20/22.5).

തിരുവനന്തപുരം: മുടവൂര്‍പ്പാറ-നരുവംമൂട് (10.6/8.62), ബാലരാമപുരം-കട്ടച്ചാല്‍ക്കുഴി (27.4/29.2)

ഇടുക്കി: നെടുങ്കണ്ടം-മേലേ ചിന്നാര്‍ റിവര്‍ വാലി (13.7/19)

കൊച്ചി: സമൂഹത്തിൽ ദുർമന്ത്രവാദവും കൂടോത്രവും പോലുള്ള മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ നിരോധിക്കുന്നതിന് നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഇത്തരമൊരു നിയമം പാസാക്കാൻ വൈകുന്നതെന്തുകൊണ്ടാണെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസിൽ വീണ്ടും വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേരള യുക്തിവാദി സംഘമാണ് വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തുടർച്ചയായി കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. നിലവിൽ, പൊതു ശിക്ഷാ നിയമത്തിൽ ഇത് നിരോധിക്കുന്നതിനോ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനോ മതിയായ നിയമങ്ങളില്ല. കർണാടകയും മഹാരാഷ്ട്രയും ഇക്കാര്യത്തിൽ നിയമം പാസാക്കിയ രണ്ട് സംസ്ഥാനങ്ങളാണെന്നും ഹർജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ, മന്ത്രവാദം, കൂടോത്രം എന്നിവ ഇല്ലാതാക്കുന്നതിനുള്ള കേരള പ്രിവൻഷൻ ബിൽ 2019 ന്റെ (‘The Kerala Prevention of Eradication of Inhuman Evil Practices, Sorcery and Black Magic Bill-2019’) നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് 2019 ലെ നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നരബലിയും മറ്റ് മനുഷ്യത്വരഹിതവും പ്രാകൃതവുമായ ദുരാചാരങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. സംസ്ഥാനത്ത് മന്ത്രവാദവും മറ്റും നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.