വാട്‌സ്ആപ്പില്‍ ഇനി നൂറോളം ഇമേജുകള്‍ ഒരേ സമയം ഷെയര്‍ ചെയ്യാം

100 ഓളം ഇമേജുകള്‍ ഒരേ സമയം ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്‌സാപ്പ്. ഡെസ്‌ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്‌സാപ്പ് അവതരിപ്പിക്കുന്നത്.

ഒരു ചാറ്റില്‍ ഒരേ സമയം 30 മീഡിയ ഫയലുകള്‍ വരെ പങ്കിടാനേ നിലവില്‍ ആപ്പ് അനുവദിക്കൂ. ഇതിനാണ് മാറ്റം വരുന്നത്. ചില വാട്ട്സ്ആപ്പ് ബീറ്റ ടെസ്റ്ററുകളില്‍ ഉയര്‍ന്ന എണ്ണം ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. മാത്രമല്ല ഇത് മറ്റ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാക്കിയേക്കും. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് അയയ്ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. കൂടാതെ, ഫീച്ചര്‍ ട്രാക്കര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്, മികച്ച നിലവാരം, ഡാറ്റ സേവര്‍ ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുക്കാം.

നേരത്തെ സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേറ്റുമായി ആപ്പ് എത്തിയിരുന്നു. വോയ്സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്‌സ്, സ്റ്റാറ്റസുകള്‍ക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകള്‍, സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ അപ്‌ഡേറ്റ്. വരും ആഴ്ചകളില്‍ ഈ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാന് പുതിയ സ്വകാര്യത ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കും. 30 സെക്കന്‍ഡ് വരെയുള്ള വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടാനുള്ള കഴിവും ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്ഡേറ്റുകളോട് റിയാക്ട് ചെയ്യാനും കഴിയും.