Highlights (Page 56)

കൊല്ലം: സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതോടെ ഭൂസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാർഡ് വിതരണവും ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. സി കേശവൻ സ്മാരക ടൗൺഹാളിലാണ് ചടങ്ങ് നടന്നത്.

ഭൂമിയുടെ വിതരണം, അവകാശം, വിനിയോഗം എന്നിവയിൽ ഉണ്ടായ കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ചു റവന്യൂ വകുപ്പും സാങ്കേതികാധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടപ്പാക്കും. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ കാലത്തിന്റെ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഭൂമിയുടെ കൈവശാവകാശം, രേഖകൾ കൃത്യമായി ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ‘എന്റെ ഭൂമി’ ഡിജിറ്റൽ റിസർവെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർത്തിയാക്കും. ഭൂമിയുടെ കൈവശാവകാശത്തിൽ കൃത്രിമവും ഇരട്ടിപ്പും ഉണ്ടാവിലെന്ന് ഉറപ്പാക്കാൻ യുണീക് തണ്ടപ്പേർ സംവിധാനം നടപ്പാക്കി. ഇത്തരത്തിൽ ഭൂരേഖകൾ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. പൊതുജന സേവനങ്ങൾ ജനോന്മുഖമാക്കുന്നതിനാണ് സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതു വരെ 54535 പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഭൂരഹതിരായി ആരും ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള നൂറുദിന പരിപാടികളോടനുബന്ധിച്ച് 40000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുന്നതിന് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഭൂരഹിതർക്കുള്ള ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജിതമായി പുരോഗമിക്കുന്നു. ഒരു കുടുംബത്തിന് മൂന്നു സെന്റ് ഭൂമി എന്ന് കണക്കാക്കിയാൽ പോലും 10,500 ഏക്കർ വേണ്ടി വരും. ലാൻഡ് ബോർഡ് കേസുകൾ തീർപ്പാക്കിയാൽ 8210 ഏക്കർ ഭൂമി വിതരണത്തിന് ലഭ്യമാകും. മിച്ചഭൂമി കേസുകൾ തീർപ്പാക്കുന്നതിനായി 77 താലൂക്ക് ലാൻഡ് ബോർഡുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തും. ഇതു പൂർത്തിയായാൽ ഭൂരഹിതർക്കെല്ലാം നൽകുന്നതിനുള്ള ഭൂമി സജ്ജമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ക്ഷേമ-വികസന പ്രവർത്തനങ്ങൾ എല്ലാവരിലുമെത്തിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിർവഹണം സാധ്യമാക്കുന്നതിന്റെ ഭാഗമായി വില്ലേജ്തല ജനകീയ സമിതികളും പുനസംഘടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി: കരയിലും കടലിലും നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി യുഎഇ ആളില്ലാ സൈനിക ഹെലികോപ്റ്റര്‍ (ഫിനോം യുഎവി) നിര്‍മിക്കാന്‍ ഒരുങ്ങുന്നു. വായുവില്‍ നിന്ന് ശത്രുക്കളെയും ഉപകരണങ്ങളെയും നശിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇത്.

2 ടണ്‍ ഭാരമുള്ള ആളില്ലാ ഹെലികോപ്റ്ററിന് ഒന്നിലധികം ദൗത്യങ്ങള്‍ നിര്‍വഹിക്കാനാകും. ദീര്‍ഘനേരം പറക്കാന്‍ ശേഷിയുള്ള ഇവക്ക് കുത്തനെ ടേക്ക് ഓഫിനും ലാന്‍ഡിങിനും സാധിക്കും. 800 കിലോ വരെ ഭാരം വഹിക്കാം. ഒറ്റ ഇന്ധന ടാങ്കുള്ളവയ്ക്ക് 4 മണിക്കൂറും 2 ഇന്ധന ടാങ്കുള്ളവയ്ക്ക് 8 മണിക്കൂറും തുടര്‍ച്ചയായി പറക്കാം.

അതേസമയം, 2026 അവസാനത്തോടെ അബുദാബി എയര്‍പോര്‍ട്ട് ഫ്രീ സോണിലെ ഹീലിയോ ഏവിയേഷന്‍ ടെക്നോളജീസ് (ഹീലിയോടെക്) പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ നിര്‍മാണം ആരംഭിക്കും. രാജ്യാന്തര പ്രതിരോധ പ്രദര്‍ശനമായ ഐഡക്‌സില്‍ ഫെനോമിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്്. തവാസുന്‍ കൗണ്‍സിലിനു കീഴിലുള്ള സ്ട്രാറ്റജിക് ഡവലപ്മെന്റ് ഫണ്ടിന്റേതാണ് ഹീലിയോടെക്.

രാജ്യം തള്ളിക്കളഞ്ഞവരാണ് ഇപ്പോള്‍ ജപമാല ചൊല്ലുന്നതെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

‘സാധാരണക്കാരന്റെ ശവക്കുഴി തോണ്ടുമെന്ന് ചിലര്‍ പറയുമ്പോള്‍, മോദി താമര വിരിയിക്കണമെന്ന് രാജ്യം പറയുന്നു. വികൃതമായ ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് പൊതുസമൂഹം തക്ക മറുപടി നല്‍കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ പര്യടനം തുടരുകയാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ മോദി റോഡ് ഷോ നടത്തി. ഇവിടെ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. മേഘാലയയുടെ സംസ്‌കാരത്തില്‍ അഭിമാനിക്കുന്നു. വികസനത്തിന്റെ സന്ദേശവുമായാണ് ഞാനിവിടെ എത്തിയത്. രാജ്യത്തിന്റെ വികസനത്തില്‍ മേഘാലയയ്ക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ റോഡ് ഷോയുടെ പ്രതിധ്വനി രാജ്യത്തിന്റെ എല്ലാ കോണിലും എത്തിയിട്ടുണ്ട്. നിങ്ങളുടെ ഈ സ്‌നേഹം, ഈ അനുഗ്രഹം… ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെ ഈ കടം വീട്ടും. ങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിക്കൊണ്ട് മേഘാലയയെ വികസിപ്പിച്ചുകൊണ്ട് ഞാന്‍ നിങ്ങളുടെ സ്‌നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും കടം വീട്ടും’- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മദ്യവിൽപ്പനശാലകൾക്ക് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യവുമായി ബാർ ഉടമകൾ രംഗത്ത്. തീരുമാനം അശാസ്ത്രീയമാണെന്നാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന സർക്കാരിനെ അറിയിച്ചത്.

മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാർ ഉടമകൾ ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യനയം രുപീകരിക്കുന്നതിന് മുന്നോടിയായാണ് യോഗം ചേർന്നത്. നിലവിലുള്ള ബാർ സമയം മാറ്റണമെന്ന ആവശ്യവും ഭാരവാഹികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രവർത്തന സമയം രാവിലെ 8 മണി മുതൽ 11 വരെയാക്കണമെന്നാണ് നിർദ്ദേശം.

ഐടി മേഖലയിലുള്ള ബാറുകൾക്ക് നൈറ്റ് ലൈഫ് ഏർപ്പെടുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. മുന്നണിയിലും, സർക്കാരിലും വിഷയം ആലോചിച്ച ശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നായിരുന്നു മന്ത്രി എം ബി രാജേഷ് യോഗത്തിൽ വ്യക്തമാക്കിയത്.

ഉത്തരാഖണ്ഡില്‍ എട്ടോ അതില്‍ കൂടുതലോ തീവ്രതയുള്ള ഭൂകമ്പമാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. എന്‍.പൂര്‍ണചന്ദ്ര റാവു. ഉത്തരാഖണ്ഡിന് താഴെയുള്ള ഭൂപാളിയില്‍ അതിതീവ്രമായ സമ്മര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ ഭൂചലനത്തിലൂടെ മാത്രമേ ഭൂപാളിയിലുള്ള സമ്മര്‍ദം ലഘൂകരിക്കപ്പെടൂ. ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് ഹിമാലയന്‍ മേഖലകളില്‍ 80 സീസ്മിക് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച ഡേറ്റ പ്രകാരം ഈ മേഖലയില്‍ ഭൂമിക്കടിയിലുള്ള സമ്മര്‍ദ്ദം ഗുരുതരമാണ്. ഈ ഭൂപ്രദേശത്ത് വിപുലമായ ജിപിഎസ് നെറ്റ്‌വര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 7.8 ആയിരുന്നു. ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന്റെ തീയതിയും സമയവും കൃത്യമായി പ്രവചിക്കാനാവില്ലെങ്കിലും ഒട്ടും വൈകാനിടയില്ലെന്ന് ഡോ. റാവു പറഞ്ഞു. എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂചലനം ഹിമാലയന്‍ മേഖലയില്‍ ഉണ്ടായാല്‍ എന്താകും ഫലമെന്ന ആശങ്ക ശക്തമാണ്. എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂകമ്പങ്ങളെ ബൃഹത് ഭൂകമ്പങ്ങളെന്നാണ് (GREAT EARTHQUAKES) അറിയപ്പെടുന്നത്. ജമ്മു-കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള ഹിമാലയ മേഖലയില്‍ ഇത്തരം ഭൂകമ്പങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഏപ്രില്‍ 22നാണ് ചാര്‍ധാം യാത്ര ആരംഭിക്കുന്നത്. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയിലേക്ക് ആറുമാസം തീര്‍ഥാടനം അനുവദിക്കും. ലക്ഷക്കണക്കിനാളുകള്‍ ഈ കാലയളവില്‍ ഉത്തരാഖണ്ഡിലെ മലനിരകളിലെത്തും. റോഡുകള്‍ ഇടിഞ്ഞുതാണും വിണ്ടുകീറിയും അപായസാധ്യത ഇതിനകം തന്നെ വര്‍ധിച്ച സാഹചര്യത്തില്‍ കരുതലോടെ മാത്രമേ മുന്നോട്ടുപോകാവൂ എന്നാണ് വിദഗ്ധരുടെ അഭ്യര്‍ഥന. 100 വര്‍ഷമായി വന്‍ ഭൂചലനങ്ങള്‍ ഉണ്ടായിട്ടില്ലാത്ത ഉത്തരാഖണ്ഡില്‍ ഈ റിട്ടേണ്‍ പീരിയഡ് അതിക്രമിച്ച് കഴിഞ്ഞുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കലിഫോര്‍ണിയ: ഭാവിയുടെ പ്രതീക്ഷയാണ് ഇന്ത്യയെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ലോകം വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇന്ത്യ വലിയ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

‘ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കാനുള്ള മാര്‍ഗങ്ങളുമുണ്ടെങ്കില്‍ ഏതു വലിയ പ്രശ്‌നവും ഒറ്റയടിക്ക് പരിഹരിക്കാമെന്നു ഞാന്‍ വിശ്വസിക്കുന്നു. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുക. എന്നാല്‍, ഇന്ത്യ ഇവയെല്ലാം തെറ്റാണെന്നു തെളിയിച്ചു. ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല. ഇന്ത്യ എനിക്ക് ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതിനര്‍ഥം അവിടുത്തെ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ പരിഹരിക്കാനാകില്ല. എന്നാല്‍ വലിയ വെല്ലുവിളികള്‍ പരിഹരിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. രാജ്യം പോളിയോ നിര്‍മാര്‍ജനം ചെയ്തു, എച്ച്‌ഐവി പടരുന്നത് കുറച്ചു, ദാരിദ്ര്യം കുറച്ചു, ശിശു മരണനിരക്ക് കുറച്ചു, ശുചീകരണം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവ കുറച്ചുകൂടി പ്രാപ്യമാക്കുന്നരീതിയിലാക്കി. നവീന ആശയങ്ങളെ പുണരുന്നതില്‍ ഇന്ത്യ ലോകത്തെ നയിക്കുന്ന മാതൃകയാണ് നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് പരിഹാരം ഉറപ്പുനല്‍കുന്ന മാതൃകയാണിത്. റോട്ടോവൈറസ് വാക്‌സീന്‍ ചെലവേറിയതായപ്പോള്‍ ഇന്ത്യ അതു സ്വയം നിര്‍മിക്കാന്‍ തീരുമാനിച്ചു. വിവിധ വാക്‌സീനുകള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും അവ ഓരോരുത്തരിലും എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 2021 ആയപ്പോള്‍ ഒരു വയസ്സുള്ള 83% പേരിലും ഈ വാക്‌സീന്‍ കുത്തിവച്ചു. ഈ ചെലവുകുറഞ്ഞ വാക്‌സീന്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങളും ഉപയോഗിക്കുന്നു.’

വെസ്റ്റ് ബാങ്ക്: പാലസ്തീനിൽ ആക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. നബ്ലൂസ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇസ്രായേലിനെതിരെ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്ന് സൈന്യം വ്യക്തമാക്കിയത്. വെടിവയ്പിനെ തുടർന്ന് സൈന്യവും ജനങ്ങളും ഏറ്റുമുട്ടിയിരുന്നു. അതേസമയം, ഇസ്രായേൽ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹമാസ് സംഘടനയുടെ വക്താവ് അബു ഉബൈദ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിൽ നിരീക്ഷണം ശക്തമാക്കിയെന്നും ഹമാസ് അറിയിച്ചു.

ഇസ്രായേൽ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിടുകയാണ് പാലസ്തീൻ പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി. ജെനിൻ നഗരത്തിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഈ വർഷം മാത്രം ഇസ്രായേൽ ആക്രമണത്തിൽ 50 പാലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണത്തിൽ 11 ഇസ്രായേലുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവും തമ്മില്‍ ബന്ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗിന്റെയും സാന്നിധ്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസും മോണിട്ടറി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ മാനേജിംഗ് ഡയറക്ടര്‍ രവി മേനോനും സംയുക്തമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായക മുന്നേറ്റമാണ് യുപിഐ-പേനൗ സഹകരണത്തിലൂടെ സാധ്യമായിരിക്കുന്നത്. ഇനി മുതല്‍ യുപിഐ വഴി രാജ്യത്തിനകത്ത് പണമിടപാടുകള്‍ നടത്തുന്നത് പോലെ സിംഗപ്പൂരിലേക്കും നടത്താനാവും. പ്രതിദിനം 60000 രൂപ വരെയുള്ള ഇടപാടുകളാണ് നടത്താനാവുക.

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡ്യോക്യുമെന്ററിക്കെതിരെ വിമർശനവുമായി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ വിരുദ്ധ ശക്തികൾ ഇന്ത്യക്കകത്തും പുറത്തും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം കോവിഡ് കാലം മുതൽ തുടങ്ങിയതാണ്. മറ്റ് രാജ്യങ്ങളിലും ആളുകൾ കൂട്ടത്തോടെ മരിച്ചു. ഇന്ത്യയിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതുപോലെ മറ്റ് ഏത് രാജ്യത്തെയെങ്കിലും ചിത്രങ്ങൾ പുറത്ത് വന്നോയെന്ന് വിദേശ കാര്യമന്ത്രി ചോദിച്ചു. അതേ രീതിയാണ് ഇരുപത് വർഷം മുൻപ് നടന്ന സംഭവത്തിന്റെ ഡോക്യുമെൻററി ചിത്രീകരണവുമെന്ന് അദ്ദേഹം അറിയിച്ചു.

ഡോക്യുമെന്ററി പുറത്ത് വന്ന സമയം യാദൃശ്ചികമല്ല. രാജ്യത്ത് തെരഞ്ഞെടുപ്പുകൾ തുടങ്ങുന്നു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യ തിളങ്ങി നിൽക്കുന്ന സമയം. അപ്പോൾ പ്രധാനമന്ത്രിയുടെയും, രാജ്യത്തിന്റെയും നിലപാട് തീവ്രമാണെന്ന് വരുത്താനാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചത്. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ ചൈന അതിർത്തി വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമാണ് നടന്നത്. പ്രധാനമന്ത്രിയോ സർക്കാരോ ചൈനക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ലെന്നും നടപടികൾ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാതി. പ്രധാനമന്ത്രിയാണ് സൈന്യത്തെ അങ്ങോട്ട് അയച്ചതെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്നും ഘട്ടംഘട്ടമായി കരസേനയെ പിൻവലിക്കും. കശ്മീരിൽ സി.ആർ.പി.എഫിനെ വിന്യസിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ക്രമസമാധാന പാലനത്തിനും ഭീകര വിരുദ്ധ ഓപ്പറേഷനുകൾക്കും നിയോഗിച്ചിരുന്ന സൈന്യത്തെയാണ് പിൻവലിക്കുന്നതെന്നും അതിർത്തിയിൽ നിലവിലെ രീതിയിൽ സൈന്യം തുടരുമെന്നും അധികൃതർ അറിയിച്ചു.

കശ്മീർ സാധാരണ നില കൈവരിച്ചെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിന് മുന്നോടിയായാണ് സേനയെ പിൻവലിക്കുക. രാഷ്ട്രീയ റൈഫിൾസ് സേനാംഗങ്ങളെ മൂന്ന് ഘട്ടമായി പിൻവലിക്കാനും കേന്ദ്രം പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. അനന്ത്നാഗ്, കുൽഗം തുടങ്ങിയ ജില്ലകളിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ സൈന്യത്തെ പിൻവലിച്ചശേഷം സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.